ബാല്യമേ നീ അറിയുന്നുവോ?!

ബാല്യമേ നീ അറിയുന്നുവോ?!






ബാല്യം - കളിച്ചും ചിരിച്ചും രസിക്കേണ്ട ഒരു സുവര്‍ണ്ണ കാലഘട്ടം. പൂമ്പാറ്റകളും പൂക്കളും നിറഞ്ഞ, പാടത്തും തൊടികളിലുമായി നാം ആര്‍ത്തുല്ലസിച്ചു നടന്ന വര്‍ണ്ണസുരഭിലമായ ആ കാലം ഓര്‍മ്മിക്കുമ്പോള്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന് പല തവണ നമ്മള്‍ ഉരുവിട്ടിട്ടുണ്ടാവാം..

എന്നാല്‍ ചിലരാവട്ടെ, കളിച്ചു നടക്കേണ്ട പ്രായത്തില്‍ ആ പിഞ്ചു കൈകളില്‍ കല്ലും മണ്ണും ചുമക്കുന്നു. തന്റേയോ തന്റെ കൂടപ്പിറപ്പുകളുടെയോ വിശപ്പകറ്റാനായി തുഛ്മായ കൂലിക്ക് പകലന്തിയോളം പണിയെടുക്കുന്നു. ഓണമോ വിഷുവോയില്ലാതെ, പുത്തനുടുപ്പും പുസ്തകങ്ങളുമില്ലാതെ, അവരങ്ങിനെ മരിച്ചു ജീവിക്കുകയല്ലേ, അവരെക്കുറിച്ചോ അവര്‍ക്കു നഷ്ടമായ സ്വപ്‌നങ്ങളെക്കുറിച്ചോ നാം ചിന്തിച്ചിട്ടുണ്ടോ?!

സ്‌കൂളുകളിലേക്ക് പോകുന്ന വഴിവക്കില്‍ ഇതുപോലെ എത്രയോ പേരെ നാം കണ്ടിട്ടുണ്ടാവാം !! നമ്മളെ അത്ഭുതത്തോടെ നോക്കിയിരുന്ന ആ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞതും നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ബാല്യം നഷ്ടപ്പെടുന്നത് ഒരു തീരാവേദനയാണ്.

 ഈ കവിത ബാലവേലകളും ബാലഭിക്ഷാടനവും ലവലേശമില്ലാത്ത ഒരു കാലത്തിനായും, ആര്‍ത്തുല്ലസിക്കുന്ന ബാല്യകാലം ആര്‍ക്കും നഷ്ടമാവാതിരിക്കാനുമുള്ള ഒരു പ്രാര്‍ത്ഥനയാണ്...


ബാല്യമേ, നീയറിയുന്നുവോ?
നിന്നെയറിയാത്ത, നിന്നില്‍ ലയിക്കാത്ത-
തെത്രയോ ബാല്യമണിമുത്തുകള്‍!

അടരുന്നു പൊഴിയുന്നു അവരില്‍ നിന്നോ,
നിന്‍ പൊന്നോര്‍മ്മകള്‍!

അകലുന്നു, മറയുന്നു, അവരില്‍ നിന്നോ,
നിന്‍ സസ്‌നേഹദീപം!

നീയവര്‍ക്കജ്ഞാതനീകുന്നിതെന്നും
വിശപ്പിന്‍ നിലവിളിയാലല്ലയോ!

ബാല്യമേ, നീ ശ്രവിക്കുന്നുവോ?
അവര്‍തന്‍ ആത്മരോദനമാമീ വേദന!

ബാല്യകാല സുവര്‍ണ്ണലോകമവര്‍ക്കേകുവാനീ
വൈകിയ വേളയില്‍ വീണ്ടും വൈകുന്നതെന്തിനോ?

ഒരുവേള മോഹിച്ചു പോകുന്നു,
നിന്‍മടിത്തട്ടി,ലവരോടിക്കളിക്കുവാന്‍...!

ഒരുവേള ദാഹിച്ചു പോകുന്നു,
നിന്‍ ഹസ്തങ്ങളവരെ,ത്തലോടുവാന്‍...!


Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!