പ്രണയിനി



പ്രണയിനി



ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് പ്ലസ്ടു പഠനം കഴിഞ്ഞ് ഞാനും കലാലയ ജീവിതത്തിലേക്ക് കടന്നത്. സിനിമയിലും പുസ്തകങ്ങളിലും നിറഞ്ഞു നിന്നിരുന്ന കലാലയസ്മരണകള്‍ അനുഭവിച്ചറിയുവാനുള്ള ആഗ്രഹം ബസേലിയസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്റെ ഡിഗ്രി ജീവിതം ആരംഭിക്കുവാന്‍ കാരണമായി.


             ആദ്യവാരം വിരസതയുടേതായിരുന്നു. അപ്പോഴെല്ലാം സൗഹൃദത്തിന്റെ തണല്‍ എനിക്ക് താങ്ങായി എത്തി. പതിയെ പതിയെ കലാലയം എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട ഒന്നായി മാറി. പക്ഷെ, എന്നെയേറെ ദു:ഖിപ്പിച്ചത് കോളേജിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള ഒരു മണിക്കൂര്‍ ബസ് യാത്രയായിരുന്നു. ബോറടിയുടെ നെല്ലിപ്പലകകള്‍ കണ്ടു തുടങ്ങിയ നിമിഷങ്ങള്‍. പക്ഷെ, എന്റെ കഥയുടെ തുടക്കവും ഇവിടെ നിന്നാണ്.

ഒരു തിങ്കളാഴ്ച്ച, പതിവില്ലാതെ സമയം തെറ്റി അല്പം നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ബാറ്ററി തീര്‍ന്ന വാച്ചിനെ പച്ചയ്ക്ക് നാലു ചീത്തയും വിളിച്ച് ഞാന്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അങ്ങനെ അവിടെ വച്ച് ഞാന്‍ ആദ്യമായി അവളെ കണ്ടു. അന്ന - ആദ്യത്തെ കാഴ്ചയില്‍ തന്നെ എനിക്ക് നന്നായി ബോധിച്ചു. അതുകൊണ്ടുതന്നെ സമയം തെറ്റി വീട്ടില്‍ നിന്നും ഇറങ്ങുന്നത് ഞാന്‍ ഒരു പതിവാക്കി. പാവം എന്റെ വാച്ച്.!

അന്നയേയും കാത്ത് ബസ് സ്റ്റോപ്പിലുള്ള നില്‍പ്പാണ് സഹിക്കാന്‍ വയ്യാത്തത്. ഓരോ നിമിഷവും എണ്ണി തീര്‍ക്കും പോലെ. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഒടുവില്‍ അവളെ കാണുമ്പോള്‍ ആയിരം ലഡ്ഡു ഒന്നിച്ച് പൊട്ടിയതുപോലെ.... അങ്ങനെ അവളുടെ കൂടെ ദിവസവും ഒരു മണിക്കൂര്‍ ചിലവഴിക്കാന്‍ എനിക്ക് അവസരം കിട്ടി. കാരണം, അവളും കോട്ടയത്തേക്കാണ്. കൂടാതെ, രാവിലെ ആയതിനാല്‍ അധികം ശല്യവും ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു.

ആദ്യ ദിനങ്ങളില്‍ അവള്‍ എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. പലപ്പോഴും ബസ് സ്‌റ്റോപ്പിന്റെ കുറച്ച് മാറിയാണ് അവള്‍ വരുമ്പോള്‍ നില്‍ക്കാറ്. എപ്പോഴും ഞാന്‍ അങ്ങോട്ടു ചെല്ലണമെന്ന വാശി. നല്ല വെളുത്ത് ചുറുചുറുക്കുള്ള സുന്ദരിക്കുട്ടിയായിരുന്നു അന്ന. അവളുടെ കഴുത്തില്‍ ഒരു ചെറിയ കൊന്തയുണ്ടായിരുന്നു. അവളുടെ വേഗതയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. അതുകൊണ്ടു തന്നെ അവളുടെ വാശിക്കു മുന്നില്‍ ഞാന്‍ എപ്പോഴും തോറ്റു കൊടുത്തു. ഒരിക്കല്‍ പനി പിടിച്ച് രണ്ടു ദിവസം വീട്ടില്‍ ഇരുന്നപ്പോഴാണ് ഞാന്‍ ആദ്യമായി അവളുടെ സ്‌നേഹം തിരിച്ചറിഞ്ഞത്. മുഖത്തെ പരിഭവം നന്നായി വായിച്ചെടുക്കാന്‍ അന്നെനിക്കു സാധിച്ചു.

കളിയും ചിരിയും തമാശയും ഒക്കെയായി ഞങ്ങള്‍ പതിയെ അടുത്തുതുടങ്ങി. ചില ദിവസങ്ങളില്‍ ഞാന്‍ വളരെ നേരത്തെ തന്നെ സ്റ്റോപ്പിലെത്തും. താമസിക്കുന്ന ദിവസങ്ങളില്‍ പലപ്പോഴും അവളുടെ ഒപ്പമെത്താന്‍ എനിക്ക് ഓടേണ്ടി വന്നു. ഒരിക്കല്‍ പോലും അന്ന എനിക്കു വേണ്ടി കാത്തു നിന്നിരുന്നില്ല. ചില വെള്ളിയാഴ്ചകളില്‍ അവള്‍ വരാറില്ല. അന്നൊക്കെ അവളില്ലാത്ത യാത്ര എത്രത്തോളം ദുഷ്‌കരമാണെ തിരിച്ചറിവ് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. കോട്ടയത്തേക്കുള്ള യാത്രയില്‍ വിരസതയകറ്റാന്‍  പലപ്പോഴും അവള്‍ പാടുമായിരുന്നു. അവയില്‍ കൂടുതലും പഴയകാല പ്രണയഗീതങ്ങളായിരുന്നു. ബോളിവുഡ് നടന്മാര്‍ തകര്‍ത്തടിച്ചിരുന്ന എന്റെ മനസില്‍ പതിയെ പതിയെ സത്യനും ഷീലയുമൊക്കെ എത്തിനോക്കിത്തുടങ്ങി. അങ്ങനെ ഒരു വര്‍ഷക്കാലം അവളോടൊപ്പമുള്ള യാത്ര ശരിക്കും ഞാന്‍ ആസ്വദിച്ചു. എന്നാല്‍ രണ്ടാം വര്‍ഷത്തിലെ ക്രിസ്തുമസ് അവധി എല്ലാം നശിപ്പിച്ചു. അതിനു ശേഷം അവളെ ഞാന്‍ ആ വഴി കണ്ടേയില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ അവളേയും കാത്ത് ഒന്നു രണ്ടു ദിവസങ്ങള്‍ ഞാന്‍ ബസ് സ്റ്റോപ്പില്‍ നിന്നു. ചിത്രം സിനിമയിലെ നായികയെപ്പോലെ കാത്തിരിപ്പ് വെറുതെയാണെന്ന തിരിച്ചറിവ് മനസ്സില്‍ എവിടെയൊക്കെയോ മുറിവുകള്‍ വീഴ്ത്തി തുടങ്ങിയ നിമിഷം ആരോ പറഞ്ഞറിഞ്ഞു, ഇനിയവള്‍ വരില്ലായെന്ന്. സ്വയം വെറുപ്പു തോന്നിയ നിമിഷങ്ങള്‍!

വീണ്ടും അവളെ ഒന്നു കാണാന്‍ രണ്ടാഴ്ച്ച വേണ്ടി വന്നു. കൂട്ടുകാരനാണ് അവള്‍ വീണ്ടും വരുന്നു എന്ന വിവരം പറഞ്ഞത്. വിളമ്പി വെച്ച ഇഡ്ഡലിയും സാമ്പാറും തൊട്ടുപോലും നോക്കാതെ ഞാന്‍ ബാഗുമെടുത്ത് ബസ് സ്‌റ്റോപ്പിലേക്ക് ഒരു ഓട്ടമായിരുന്നു. അവളെ കാണാനുള്ള ആഗ്രഹം അമ്മയുടെ ചീത്ത വിളിയെ മൂടിക്കളഞ്ഞിരുന്നു. ആകാംഷയുടെ നിമിഷങ്ങള്‍!! എന്നെ ഞെട്ടിച്ചുകൊണ്ട് ഒടുവില്‍ അവള്‍ എത്തി. പുതിയ രൂപത്തിലും ഭാവത്തിലും ഇവളുടെ പേര് 'ശരണ്യ' എന്നാണ്. പുള്ളികള്‍ വരച്ചിരുന്ന അവളുടെ കവിളില്‍ അവള്‍ നീലഛായം പുരട്ടിയിരുന്നു.  പേരും പെയിന്റും മാറിയത് ഒഴിവാക്കിയാല്‍ അവള്‍ പഴയ അന്ന ബസ് തന്നെ!!. ആ പഴയ വേഗതയും കൃത്യതയും ഞാന്‍ വളരെ വേഗം തിരിച്ചറിഞ്ഞു. നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടും അവളോടൊപ്പമുള്ള യാത്ര. അങ്ങനെ കലാലയം പോലെ തന്നെ അന്നയും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായെന്ന് ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ബഹളവും ശല്യങ്ങളും ഇല്ലാതെ വീണ്ടും എന്റെ യാത്ര സുഗമമാക്കിയ ദൈവമേ നിനക്കു നന്ദി........!!!!


                                                                                                                 


പി. ഹര്‍ഷകുമാര്‍
മംഗളം, കോട്ടയം


                                                        


Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!