ജീവിക്കാൻ മറക്കുന്ന മനുഷ്യർ!


 ചോദ്യം: ഭാര്യ മരിച്ച പുരുഷൻ വിനോദയാത്ര പോകുന്നതിൽ തെറ്റുണ്ടോ?

 ഉത്തരം: പാവം.. പൊക്കോട്ടെ! ഭാര്യ മരിച്ച ദുഃഖം അയാൾ അങ്ങനെയെങ്കിലും മറക്കട്ടെ!!

ചോദ്യം: ഭർത്താവ് മരിച്ച സ്ത്രീ 25 കൊല്ലങ്ങൾക്ക് ശേഷം വിനോദയാത്ര പോയതോ?

ഉത്തരം: തെറ്റ്... വീടിൻറെ മൂലയ്ക്കിരുന്ന് പ്രാർത്ഥിക്കാനാണ് ശ്രമിക്കേണ്ടത്!


സതി എന്ന ദുരാചാരം നിർത്തലാക്കാൻ ശ്രമിച്ചവർക്ക് അന്നത്തെ കാലത്തുണ്ടായ ബോധോദയം ഈ 2025 ലും ചില മനുഷ്യർക്ക് ഉണ്ടാവുന്നില്ല എന്നത് സഹതാപം അർഹിക്കുന്ന ഒന്നാണ്.


 ഒരു പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ തുടങ്ങും അവൾക്കുള്ള നിയന്ത്രണങ്ങൾ! വിവാഹം കഴിയാത്ത സ്ത്രീകൾ എങ്ങനെ ജീവിക്കണം, വിവാഹം കഴിഞ്ഞാൽ എങ്ങനെ ജീവിക്കണം, കുഞ്ഞിന്റെ അമ്മയായാൽ.. ഭർത്താവ് മരിച്ചാൽ.. അങ്ങനെ തെക്കോട്ട് എടുക്കും വരെ നീളുന്ന ഗൈഡ് ലൈൻസ് ആണ് ഇപ്പോഴും നേരം വെളുക്കാത്ത ചിലർ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.


നഫീസുമ്മയെ പോലെ ജീവിതം ആസ്വദിക്കാൻ സാധിക്കാത്ത/ അവസരം നിഷേധിക്കപ്പെട്ട അമ്മമാർക്ക് സ്വന്തം ആഗ്രഹങ്ങൾ നടപ്പിലാക്കാൻ ധൈര്യം കൊടുത്ത നഫീസുമ്മയുടെ മക്കളെ പോലെ നമ്മളും സമയം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.


മൂലയ്ക്കിരുന്നു സ്വന്തം ബുദ്ധി തെളിക്കണേ എന്ന് പ്രാർത്ഥിക്കേണ്ടത് സ്ത്രീകൾക്കും മേൽ അനാവശ്യമായ ഗൈഡ് ലൈൻസ് കൊണ്ടുവരുന്ന സ്വയം പ്രഖ്യാപിത പണ്ഡിതന്മാരാണ്. മറ്റുള്ളവരുടെ ഇഷ്ടവും സർട്ടിഫിക്കറ്റും സമ്പാദിക്കാൻ വേണ്ടി സ്വന്തം സന്തോഷങ്ങൾ ത്യജിക്കുന്നത് ആരായാലും നഷ്ടപ്പെടുത്തുന്നത് ഈ ഭൂമിയിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരമാണ്. 


 ഏത് സ്ത്രീയോടും അശ്ലീലവും ആഭാസവും പറയാൻ ലൈസൻസ് ഉണ്ടെന്ന് സ്വയം കരുതിയ മഹാൻ ഇരുമ്പഴിക്കുള്ളിൽ കിടന്നത് ഈ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്. കുലപുരുഷന്മാരും കുല സ്ത്രീകളും പിന്തുടർന്നു വരുന്ന ടോക്സിസിറ്റിക്കു കാലം മറുപടി പറയും എന്നതിന്റെ തെളിവാണിത്. മറ്റൊരാളുടെ സന്തോഷം നശിപ്പിക്കാനും അയാളെ അപമാനിക്കാനും അല്ല ശ്രമിക്കേണ്ടത് എന്ന തിരിച്ചറിവുകൾ ഇവർക്ക് എത്രയും വേഗം ഉണ്ടാകട്ടെ. 


സ്ത്രീകൾക്ക് സ്വന്തമായ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, തീരുമാനങ്ങൾ ഒന്നും പാടില്ല എന്ന് വിശ്വസിക്കുന്ന ടോക്സിക് ആയ മനുഷ്യർ ജീവിച്ചിരിക്കുന്ന കാലമത്രയും സ്ത്രീകൾ പഴികേട്ടുകൊണ്ടേയിരിക്കും.

ആരൊക്കെ എന്തൊക്കെ വായിൽ തോന്നിയത് വിളമ്പിയാലും ജീവിതം ഒരു നീർക്കുമിള തന്നെയാണ് സകല പ്രശ്നങ്ങളും മറന്ന് ആസ്വദിക്കുക അതിനപ്പുറം ഒരാൾ അയാളോട് തന്നെ നീതിപുലർത്തുന്നത് എങ്ങനെയാണ്?

Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !