ആ തേങ്ങല്‍ നിങ്ങള്‍ കേട്ടുവോ ?!



ഒറ്റപ്പെടുത്തലുകളും ഒഴിവാക്കലുകളും അനുഭവിക്കപ്പെടുന്ന വൃദ്ധജനതയുടെ നൊമ്പരങ്ങള്‍....

നാളെ നമ്മുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമായേക്കാം.. എന്നിരുന്നാലും കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവേണ്ടവരല്ലേ നാം ഓരോരുത്തരും...!

നിഷ്‌കളങ്കമായ സ്‌നേഹം തട്ടിത്തെറിപ്പിക്കുകയല്ലേ, നമ്മളില്‍ പലരും?

നൊന്തുപെറ്റ മാതാവിനെ മറന്നു ജീവിക്കുന്നതെങ്ങിനെ?

അഛ്ചനോടുള്ള ഭയവും ബഹുമാനവും മാറി വെറുപ്പും ബാധ്യതയുമാവുന്നതെങ്ങിനെ?

അമ്മ വേലക്കാരിയും അഛ്ചന്‍ കാവല്‍ക്കാരനുമാവുന്നതെങ്ങിനെ?

ഉത്തരം ലഭിക്കാത്ത കുറെയേറെ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ മിന്നിമായുമ്പോളും എവിടെയോ ഒരു അമ്മ തേങ്ങുകയാണ്...!

സ്വന്തമെന്നു കരുതി നെഞ്ചോടുചേര്‍ത്ത മക്കളെ ഒരു നോക്കു കാണാനാവാതെ...!

അതെ, ശൈശവത്തിന്റെ നൈര്‍മല്യമുള്ള ഒരു വാര്‍ദ്ധക്യമാവട്ടെ നമുക്കായി കാത്തിരിക്കുന്നത്..!! കൈത്താങ്ങാവാന്‍ കരുതലിന്റെ കരമാവട്ടെ മക്കള്‍..!!


വാര്‍ദ്ധക്യം ഒറ്റപ്പെടുമ്പോള്‍...!

ഇടവപ്പാതിതന്‍ തോര്‍ന്നിടാത്തൊരാവെണ്‍-
മഴത്തുള്ളികളെന്‍ ജന്മദിിനങ്ങളോരോന്നായ്
ആഘോഷിച്ചാനന്ദിപ്പതു കണ്ടു ഞാന്‍ ..!

                              വിഷുവുമോണവും ആടിത്തകര്‍ത്തൊഴിഞ്ഞൊരാ,
                              വേദിയില്‍, നഷ്ടവും തോല്‍വിയും കത്തി-
                              വേഷങ്ങളിലാടിത്തിമര്‍പ്പതും കണ്ടു ഞാന്‍...!

ഓണപ്പൂക്കളുമോണത്തുമ്പിയുമെന്നില്‍ നിന്ന-
കന്നീടവെ, ക്ഷണിക്കാത്തോരതിഥിയായീ,
വാര്‍ദ്ധക്യം വന്നതെന്തേ ഞാനറിഞ്ഞീല !

                              കൊമ്പുകോര്‍ത്ത കാളക്കൂറ്റന്മാര്‍തന്‍ പോര്‍ക്കളം
                              പോലെയെന്‍ ദേഹം ചുക്കിച്ചുളിഞ്ഞു-
                              വിറപൂണ്ടതും കണ്ടു ഞാന്‍....

മങ്ങിയ കാഴ്ചശക്തിയും, കൊഴിഞ്ഞ ദന്തങ്ങളും
വെണ്‍മയെ പ്രണയിച്ചു പ്രണയിച്ചു പൊഴിഞ്ഞൊരാ-
കേശവും വാര്‍ദ്ധക്യമെന്നില്‍ നിറച്ചു..

                             പിന്നിട്ട കാലവും പിന്നിട്ട വീഥിയും വീണ്ടു-
                             മിന്നോര്‍മ്മകള്‍തന്‍ പടവിലേറവെ,
                             കോടിമുണ്ടും, കൊന്നപ്പൂവും, കളിക്കൂട്ടരും
                             അമ്മയ്ക്കു മുന്നിലെ പിടിവാശിയുമായാബാല്യം!!

ഓണപ്പൂക്കളുമോണത്തുമ്പികളും തിരു-
വാതിരതന്‍ നിറദീപങ്ങളും, സൗഹൃദം
വിരിയിച്ച മാരിവില്ലുമായൊരാ കൗമാരം !!

                              നന്മതന്‍ ഹൃദയം നീട്ടിയൊരാ, പനിനീര്‍-
                              പുഷ്പത്തിന്‍ സുഗന്ധം നിറഞ്ഞൊരായൗവ്വനം!!

ഒരുനാള്‍ എന്‍പ്രിയമക്കളരുള്‍ചെയ്തു
അമ്മേ... പോകുന്നു, ദൂരേയ്ക്കു പോകുന്നു
ഇനിയവിടമാണു ഞങ്ങള്‍ക്കു ലോകം !!


കൈവിട്ട രക്തബന്ധങ്ങളെവിടേക്കോ മറയവെ,
പേരക്കിടാങ്ങള്‍തന്‍ കളിപ്പാട്ടം വേദനയാകവെ,
 നാലുചുവരുകള്‍ക്കിടയിലായ് രണ്ടാത്മാക്കള്‍
 നഷ്ടങ്ങളെണ്ണിയെണ്ണി വേദനിച്ചുരുകവെ,
വാര്‍ദ്ധക്യമേ, നീയിത്ര ക്രൂരനെന്നറിഞ്ഞിരുന്നില്ല ഞാന്‍!!!
വാര്‍ദ്ധക്യമേ, നീയിത്ര ക്രൂരനെന്നറിഞ്ഞിരുന്നില്ല ഞാന്‍!!!

                                                           
                                                                                                                           

Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!