പിന്‍വിളികള്‍ക്കായി കാതോര്‍ത്ത്!!
പാടത്തും തൊടിയിലുമായി കളിച്ചു തിമിര്‍ക്കുന്ന ബാല്യത്തില്‍ മരങ്ങളിലും ഇലകളിലും തട്ടി കാറ്റു കൊണ്ടു വരുന്ന സ്‌നേഹവും ശാസനയും പൊതിഞ്ഞ ആ പിന്‍വിളിക്കായാണ് കാത്തിരുന്നത്..... എത്ര സന്ധ്യ മയങ്ങിയാലും അമ്മമാരൊന്നു വിളിക്കാതെ നമ്മളില്‍ പലരും വീട്ടിലേക്ക് മടങ്ങാറില്ല, എന്നതല്ലേ..ഒരു സത്യം?!!
കൗമാരത്തില്‍ സൗഹൃദത്തിന്റെ മുറവിളികള്‍ക്കുമപ്പുറം ഒരിക്കലും നഷ്ടമാകരുതെന്നു നാമാഗ്രഹിക്കുന്ന ചില സൗഹൃദങ്ങളുടെ പിന്‍വിളിക്കായി നാം കാത്തിരിക്കും... മറക്കില്ലെന്ന വാക്കു നല്‍കി കൗമാരക്കിളികള്‍ ദൂരേക്ക് പറന്നകലുന്നത് പൊടി കണ്ണീരോടെ നാം നോക്കി നില്‍ക്കും.... അതേ പിന്‍വിളികള്‍ക്കായുള്ള കാത്തിരിപ്പിനൊടുവില്‍ യൗവ്വനത്തിന്റെ വിശാലതയിലേക്ക് നാമും പറന്നടുക്കും..
മേല്‍വിലാസം തേടിയെത്തുന്ന പഴയ സൗഹൃദങ്ങളുടെ പിന്‍വിളികള്‍ക്കൊപ്പം പ്രണയത്തിന്റെ കാത്തിരിപ്പിലും വിരഹത്തിന്റെ നൊമ്പരത്തിലും നാം കാത്തിരിക്കും ഒരു പിന്‍വിളിക്കായി.... പിന്നീട് ആ പ്രണയത്തിന്റെ ഇളങ്കാറ്റിനൊപ്പം ജീവിതത്തോണിയില്‍ അക്കരയ്ക്കു നീങ്ങുമ്പോളും വെറുതെ ഒരു പിന്‍വിളിക്കായി നാം കാതോര്‍ക്കും.... തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ഞെരുങ്ങി നീങ്ങുന്ന ജീവിതത്തില്‍ ചില പിന്‍വിളികളെ പലപ്പോഴും കേട്ടില്ലെന്നും നാം നടിക്കും... എന്തെന്നാല്‍, ബാല്യത്തില്‍ കാറ്റു സമ്മാനിച്ച സ്‌നേഹവും ശാസനയും പൊതിഞ്ഞ ആ പിന്‍വിളിക്കു പകരം വാര്‍ദ്ധക്യത്തിന്റെ, ഒറ്റപ്പെടലുകളുടെ വേദനയില്‍ പൊതിഞ്ഞ പിന്‍വിളികളായിരിക്കും എന്നതുതന്നെ!! തിരിഞ്ഞൊന്നു നോക്കാതെ സഞ്ചരിക്കുമ്പോളും ആ പിന്‍വിളികള്‍ നമ്മെ പിന്തുടരും... ഒരിക്കല്‍ നമോരുത്തരും തനിച്ചാവുമെന്ന സത്യം മറന്ന് പോകുമ്പോള്‍ കാലം കരുതിവെച്ചതുപോലെ ആ ഒറ്റപ്പെടല്‍ പയ്യെ മുഖമുയര്‍ത്തും...
പിന്നീട്, മാതാപിതാക്കളുടേയോ മക്കളുടേയോ സ്‌നേഹം ചാലിച്ച പിന്‍വിളികള്‍ക്കായി വെറുതെ വീണ്ടുമൊരു കാത്തിരിപ്പായിരിക്കും!!...
എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുമ്പോഴും ചില പിന്‍വിളികളായിരിക്കും നമ്മുടെ ബലം. ആ പിന്‍വിളികളില്ലെങ്കില്‍ ജീവിതം എവിടേക്കോ ഒഴുകും...
നഷ്ടങ്ങളുടെ പരവതാനിയിലൂടെയാവും ആ യാത്ര... ചെവിയോര്‍ക്കുക... നിങ്ങളെ കാത്തിരിക്കുന്ന ആ പിന്‍വിളിക്കായി.....

Comments