ജൂണ്‍ ഒന്ന്!





ജൂണ്‍ ഒന്ന് എന്നാല്‍ വല്ലാത്തൊരു കൗതുകമായിരുന്നു. പുതിയ ബാഗും കുടയും വാട്ടര്‍ ബോട്ടിലും ഒരു ഹരമായിരുന്നെങ്കിലും
അതിനപ്പുറമൊരു ലഹരിയുണ്ടായിരുന്നു. പുതിയ ബുക്കുകളും പുസ്തകങ്ങളും പേജുകളില്‍ ഒളിപ്പിച്ചുവച്ച ആ നറുമണത്തിന്!

അവയെല്ലാം പഴയ കലണ്ടര്‍ താളുകള്‍ ഉപയോഗിച്ച് പൊതിഞ്ഞെടുക്കുന്നത് ചേച്ചിയായിരുന്നു..ബാലരമയ്‌ക്കൊപ്പം കിട്ടുന്ന നെയിം സ്ലിപ്പുകളില്‍ നല്ലത് സ്വന്തമാക്കാന്‍ എന്നേക്കാള്‍ ഇളയകുട്ടിയെപ്പോലെ ചേച്ചി എന്നോടു വഴക്കിട്ടിട്ടുണ്ട്. നല്ലത് ആദ്യം ഒളിപ്പിച്ചു വച്ചിട്ട്  ചേച്ചിക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളാന്‍ പറഞ്ഞ് ഞാന്‍ ത്യാഗത്തിന്റെ മുഖവും അഭിനയിച്ചിട്ടുണ്ട്.

ആദ്യ ദിവസം പുതിയ യൂണിഫോം ആയിരുന്നെങ്കിലും ചേച്ചി ഉപയോഗിച്ചെങ്കിലും പുതുമ നഷ്ടപ്പെടാത്ത ആ പഴയ യൂണിഫോമുകളും എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. പലപ്പോഴും തകര്‍ത്തുപെയ്യുന്ന മഴയെ കുട കൊണ്ടു തലോടിയായിരുന്നു ആ യാത്ര..

വളരെ മാന്യമായി പുത്തനുടുപ്പിട്ട് സ്‌കൂളിലേക്കു പോയ കുറുമ്പികള്‍ തിരിച്ചു തിരിച്ചെത്തുന്നത് കലിപ്പ് ലുക്കിലാവും... തോടുകളിലും പാടങ്ങളിലുമിറങ്ങി കളിച്ച് തിമിര്‍ത്ത് പനിനീര്‍ച്ചാമ്പയും ഇലുമ്പന്‍പുളിയും ശേഖരിക്കാനായി പരസ്പരം മല്‍സരിച്ച് തട്ടിത്തലോടുന്ന കാറ്റിനെ കെട്ടിപ്പിടിച്ച് ഒരോട്ടമായിരുന്നു..............

 വല്ലപ്പോഴും മാത്രം പ്രദേശത്തെ പണക്കാരുടെ കാറോ ജീപ്പോ മാത്രം കടന്നുപോകുന്ന വഴിയില്‍ പോസ്റ്റുകള്‍ വച്ച് ഓട്ട് മല്‍സരം നടത്തി വഴിയരികിലുള്ള വീട്ടില്‍ നിന്ന് വെള്ളം വാങ്ങിക്കുടിച്ച് സിനിമാപ്പാട്ടുകളും സിനിമാപ്പേരുകളുമൊക്കെയായി അന്താക്ഷരിയും കളിച്ച് വീട്ടിലെത്തുമ്പോള്‍ ഒരു ആനയെ തിന്നാനുള്ള വിശപ്പായിരുന്നു.

ബാക്കിയുള്ള കളിയെല്ലാം വീടിനു തൊട്ടടുത്ത പറമ്പിലായിരുന്നു. കണ്ണുപൊത്തിയും അക്കുകളിച്ചും നേരം സന്ധ്യ മയങ്ങുമ്പോള്‍ ഓരോ വീടുകളില്‍ നിന്നും നീട്ടിയുള്ള വിളി കേള്‍ക്കാം..

സന്ധ്യയ്ക്കു വിളക്കു വയ്ക്കാറായെന്നു പറഞ്ഞു കുട്ട്യോളെ വീട്ടില്‍ കയറ്റാന്‍ പാടുപെടുന്ന അമ്മമാര്‍.. ശാസനയും വാത്സല്യവുമൊളിപ്പിച്ച ആ വിളിക്കായുള്ള കാത്തിരിപ്പും ഒരു സുഖമായിരുന്നു......

Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!