കാവ്യസൂര്യന്‍ ഉദിച്ചുനില്ക്കുകയാണ്....




പൊതുവെ അശുഭ ദിനമായി കരുതപ്പെടുന്ന 13 ന് (13/2/16) മലയാളത്തിന്റെ കാവ്യശ്രേഷ്ഠനെ കാലം കവര്‍ന്നെടുത്തു.
തിരിച്ചു വരില്ലെന്ന യാത്രാമൊഴിയോടെ നമ്മുടെ മാഷ് ഒഎന്‍വി സാര്‍ വിട പറഞ്ഞിരിക്കുന്നു. എന്നിരുന്നാലും മാഷേ.. അങ്ങയോടൊരു വാക്ക്..

മരണം ശാന്തിയിലേക്കുള്ള കവാടം എന്നു പറഞ്ഞ് അതേ തൈക്കാട് ശാന്തികവാടത്തില്‍ അന്തി ഉറങ്ങുന്ന കാവ്യശ്രേഷ്ഠാ, പ്രിയ കാവ്യ സൂര്യാ..
അങ്ങ് ഉദിച്ചു നില്‍ക്കുകയാണ്. അങ്ങയുടെ തൂലിക സമ്മാനിച്ച, സിരകളില്‍ വിപ്ലവം നിറച്ച കാവ്യശകലങ്ങളിലൂടെ...

തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ആസ്തി അളക്കാനെത്തിയ ബന്ധു പ്രമാണിമാര്‍ ആസ്തിയേക്കാളധികം ബാധ്യതയെന്നു അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന മനസ്സില്‍ ഒരു വലിയ മുറിപ്പാടാണ് ഉണ്ടായത്. ചവിട്ടി അരയ്ക്കപ്പെട്ട അഭിമാനം വീണ്ടെടുക്കാവാന്‍ ആ കുഞ്ഞുമനസ്സു തുടിച്ചു. അവിടെ തുടങ്ങിയാതാണ് ഒഎന്‍വിയുടെ പോരാട്ടം. സ്വന്തം ജീവിതം ഒരു പോരാട്ട ഭൂമിയാക്കി ലോകമറിയപ്പെടുന്ന മലയാളത്തിന്റെ അഭിമാനമായ കാവ്യശ്രേഷ്ഠനായി മാറുകയായിരുന്നു ഒഎന്‍വി.

കൊല്ലം ചവറയിലെ തൊഴിലാളി സമൂഹങ്ങളുടെ കണ്ണീരും നൊമ്പരങ്ങളും കണ്ടും കേട്ടും വളര്‍ന്ന കുട്ടി ഒഎന്‍വി, കവിതകളാല്‍ തീര്‍ത്ത ശരങ്ങള്‍ കൊണ്ട് ഇടതിന്റെ ആത്മവീര്യം ആളികത്തിക്കുകയായിരുന്നു. പതിനെട്ടാം വയസ്സിലെഴുതിയ 'അരിവാളും രാക്കുയിലും'  മടക്കമുള്ള കവിതകളിലൂടെ ഞരമ്പുകളില്‍ തുടിക്കുന്ന ആവേശം തൂലികയിലൂടെ വെള്ളക്കടലാസില്‍ പകര്‍ന്നാടുകയായിരുന്നു.

ഭാവാത്മകത കൊണ്ട് മലയാളകവിതയെ വളര്‍ത്തിയ കവി കറുത്ത പക്ഷിയുടെ പാട്ടിലൂടെയും ഭൂമിക്കൊരു ചരമഗീതത്തിലൂടെയും ലോകമനസ്സിന്റെ അസമത്വങ്ങള്‍ക്കെതിരായും മനുഷ്യകുലത്തിന്റെ ആധിയെക്കുറിച്ചും ഉറച്ച ശബ്ദത്തില്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.

സ്വന്തം ചിന്തയെ ചുമപ്പിച്ച് കവിതകളിലൂടെയും തുറന്ന സമീപനങ്ങളിലൂടെയും കവി സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കി മുന്നേറുകയായിരുന്നു. ശ്രേഷ്ഠനായ അധ്യാപകനായി ലക്ഷക്കണക്കിന് ശിഷ്യരെ സമ്പാദിച്ചുകൊണ്ട് കാവ്യസൂര്യന്‍ മലയാളക്കവിതകള്‍ക്ക് പുതിയൊരു പാത തെളിക്കുകയായിരുന്നു. പാക്ക് ഗായകന് ഇന്ത്യന്‍ മണ്ണില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മലയാളക്കരയിലേക്ക് സ്വീകരിച്ചാനയിച്ച് യുവവായനക്കാരില്‍ ആവേശം നിറയ്ക്കുകയായിരുന്നു ആ വലിയ ഗുരു.

ഉറങ്ങാത്ത അഗ്നിപര്‍വ്വതമായി.......
അസ്തമിക്കാത്ത ചുവന്ന സൂര്യനായി.......
ശ്രേഷ്ഠഭാഷയുടെ പ്രിയ കവിയായി......അങ്ങ് ജീവിക്കും.. അങ്ങ് സമ്മാനിച്ച വരികളിലൂടെ ഞങ്ങളോട് അങ്ങ് സംസാരിക്കും....

അതുപോലെ, വിജയിദശമിനാളുകളില്‍ അങ്ങയിലൂടെ ആദ്യാക്ഷരം കുറിച്ച ആ കുഞ്ഞുങ്ങളിലും കാവ്യ കേരളം പ്രതീക്ഷയര്‍പ്പിക്കുകയാണ്. നമുക്കൊന്നും കിട്ടാതെ പോയ അവസരം തട്ടിയെടുത്ത ആ കുട്ടികളില്‍...


Comments

https://www.facebook.com/Kurumbumkaryavumblog/

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!