ജാനകിയുടെ സംശയങ്ങള്‍...






''രേവതിക്കിത് പ്രായം 19. പെണ്ണ് ഒരു കാന്താരി ഒന്നുമല്ല. പുസ്തകപ്പുഴുവുമല്ല. അധികമങ്ങനെ ആരോടും മിണ്ടാറില്ലെന്നേ ഉള്ളൂ...' പറഞ്ഞു തീരും മുമ്പേ രേവതി എത്തി അമ്മ ജാനകിയോടും അയല്‍ക്കാരി സുലോചനയോടുമുള്ള പ്രതിഷേധം നോട്ടത്തിലൂടെ അറിയിച്ച് പതിയെ അടുക്കളയിലേക്കു നടന്നു.

രേവതിക്കു തൊട്ടുപിന്നാലെ എത്തിയ വാസു ഭാര്യയോട് ഉച്ചത്തില്‍ ആജ്ഞാപിച്ചു: ''ചായ എടുക്ക് വേഗം.. ഗ്യാസിന് വിലകൂടിയതിനെതിരെ ഒരു പ്രതിഷേധ മാര്‍ച്ചുണ്ട്. ഞാനൊന്നു കുളിച്ചിട്ടു വരാം...''

സുലോചനയോട് പിന്നെ കാണാം എന്നു ആംഗ്യം കാണിച്ചിട്ട് വീടിനുള്ളിലേക്കു കടക്കുന്നതിനിടെ ജാനകി ഭര്‍ത്താവിനോടായി ചോദിച്ചു.. '' ഗ്യാസിന് എപ്പോ വില കൂടിന്നാ.. ഞാന്‍ അറിഞ്ഞില്ലല്ലോ..'

''നിന്നോട് ചോദിച്ചിട്ടാണോടീ ഗ്യാസിന് വില കൂട്ടുന്നത്.. അല്ലേലും നാട്ടില്‍ നടക്കണതെന്തൊക്കെ എന്നറിയണമെങ്കില്‍ പത്രം വായിക്കണം... അതും പറ്റിയില്ലേല്‍ വാര്‍ത്ത കാണണം... എന്തോരും വാര്‍ത്താ ചാനലുകളാ ഉള്ളത്...'' വാസു പറഞ്ഞു തീരും മുമ്പേ ജാനകി ആരംഭിച്ചു (അല്ലേലും, പെണ്ണുങ്ങളെല്ലാം ഇങ്ങനാണെന്നാണല്ലോ വെപ്പ്!!) മനുഷ്യാ കേബിളെല്ലാം കട്ട് ചെയ്തത് നിങ്ങളറിഞ്ഞില്ലേ... ഡിജിറ്റലൈസേഷന്‍ ആണെന്നാ കേബിളു പയ്യന്‍ സുരേഷ് പറഞ്ഞത്. ഇപ്പോ ടിവിയില്‍ ചാനലൊന്നും കിട്ടത്തില്ല..
അല്ല, ഇതൊന്നുമറിയാതെയാണോ വലിയ പ്രസംഗം നടത്തുന്നത്?
സുലോചനയും സുബൈദയും ഒക്കെ സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങിന്ന് ഞാനിന്നലെയും പറഞ്ഞതല്ലെ... മേരിയുടേയും വത്സയുടേയും വീട്ടിലാണേല്‍ ഡിഷും ഉണ്ട്.'

ജാനകിയുടെ സംസാരം തീരെ ദഹിക്കാതെ വാസു ദേഷ്യപ്പെട്ടു. 'നിര്‍ത്തുന്നുണ്ടോ നീ? എനിക്ക് ചായ കിട്ടുമോ ഇല്ലയോ.. ഇപ്പം പറയണം.
ജാനകി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. (അല്ലേലും ഒന്നു ദേഷ്യപ്പെട്ടാലെ ഇവളുമാരൊക്കെ നന്നാവൂ..)

രേവതിയുടെ മുറിയുടെ വാതില്‍ അന്നാദ്യമായി തുറന്നു കിടക്കുന്നു. മുറിയിലേക്ക് ഒന്നു എത്തി നോക്കാതെ അടുക്കളയിലേക്ക് പോകാന്‍ ജാനകിക്കാവുമായിരുന്നില്ല. പതിവില്ലാത്ത പോലെ കോളേജില്‍ നിന്നും വന്ന വേഷത്തില്‍ കട്ടിലില്‍ കിടക്കുന്ന രേവതിയെ നോക്കി  ജാനകി ചൂടായി. '' നിനക്കെന്താ പറഞ്ഞാല്‍ മനസിലാവില്ലേ... വന്നാല്‍ ഉടനെ കുളിച്ച് ചായ കുടിക്കാന്‍ വരണമെന്നു ഞാനൊരു നൂറു ആവര്‍ത്തി പറഞ്ഞട്ടില്ലേ? പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ... വന്ന പടി വേഷം പോലും മാറാതെ കയറിക്കിടക്കുന്നോ? ..''
രേവതി കേട്ട ഭാവും നടിക്കാതെ ഉറക്കം നടിച്ചു കിടന്നു... ചൂടു ചായ കിട്ടാതിരുന്നാലുള്ള വാസുവിന്റെ ദേഷ്യം കാണാതിരിക്കാന്‍ ഉടന്‍ ചായ ഉണ്ടാക്കുകയെ മാര്‍ഗ്ഗമുള്ളൂ എന്ന തിരിച്ചറിവില്‍ ജാനകി അടുക്കളയിലേക്ക് കുതിച്ചു.

ചായ എടുക്കുമ്പോഴും ജാനകിയുടെ മനസ്സു നിറയെ മകള്‍ രേവതിയായിരുന്നു. അവളെ ചുറ്റിപ്പറ്റിയുള്ള നൂറായിരം ചോദ്യങ്ങളും.. (അമ്മമാരല്ലെ.. മക്കളുടെ മുഖം വാടിയില്‍ അവര്‍ക്ക് ആധി ആയിരിക്കും.. പെണ്‍കുട്ടിയുടേതാണെങ്കില്‍ പിന്നെ പറയോം വേണ്ട...!!)

അല്ല അവള്‍ക്കെന്താ പറ്റിയത്. ആലോചിട്ടൊരു എത്തും പിടീം കിട്ടണില്ലലോ.. കോളേജില്‍ വല്ല പ്രശ്‌നവും ഉണ്ടായോ.. അതോ വല്ല പയ്യന്മാരും ശല്യം ചെയ്‌തോ.. എന്തായാലും രാജിയുമായി പിണങ്ങിക്കാണില്ല, അവള്‍ക്കാകെ ഉള്ള ഒരേ ഒരു കൂട്ടുകാരിയല്ലേ... എന്തു പറഞ്ഞാലും ചെയ്താലും രാജിയോട് ക്ഷമിക്കാനെ രേവതിക്കു പറ്റൂ... ആ നശൂലം അത്ര നല്ലതൊന്നുമല്ല, എല്ലാവരോടും പ്രശ്‌നങ്ങള്‍ മാത്രമുണ്ടാക്കാറുള്ള സാധനമല്ലേ... എന്നാലും എന്റെ കൊച്ചിനിതെന്നാ പറ്റീയെന്റെ ദൈവമേ...

ആവി പറക്കുന്ന ചായയ്‌ക്കൊപ്പം ഉള്ളില്‍ നുരഞ്ഞുപൊങ്ങുന്ന ആയിരം സംശയങ്ങളുമായി ജാനകി സല്‍ക്കാരമുറിയിലേക്കു നടന്നു. ടീപ്പോയില്‍ ചായ വയ്ക്കാനായി കുനിഞ്ഞപ്പോഴും രേവതിയുടെ മുറിയിലേക്ക് ജാനകി നോക്കി. ഇല്ല കട്ടിലില്‍ അവളില്ല.. ഉള്ളിലൊരു ആന്തലുപോലെ തരിച്ചു നിന്നുപോയ ജാനകി ഓടി മുറിയ്ക്കുള്ളില്‍ തിരഞ്ഞു. വാസു കേള്‍ക്കാതിരിക്കാന്‍ പതിയെ പേരു ചൊല്ലി വിളിച്ചു: 'വാവേ...രേവൂ............''

വീടിന്റെ ഉമ്മറത്തേക്കോടിയ ജാനകിയ്ക്ക് മകളിനി വീടുവിട്ട് ഇറങ്ങിപ്പോയോ എന്നുവരെ തോന്നി.. രേവൂ എന്നുറക്കെ വിളിച്ച് ഉമ്മറത്തെത്തിയ ജാനകിയുടെ കണ്ണുകളില്‍ മുറ്റത്തെ ആഞ്ഞിലി മരത്തിനപ്പുറം മകളുണ്ടെന്നു തോന്നി. അതെ, ഊഞ്ഞാലിലിരുന്ന് മെല്ലെ ആടാന്‍ ശ്രമിക്കുകയാണ് രേവതി. ഊഞ്ഞാലാട്ടം തുടങ്ങിയപ്പോഴേക്കും ഉറഞ്ഞു തുള്ളിക്കൊണ്ടു ജാനകി ആഞ്ഞിലിയുടെ ചുവട്ടിലെത്തി. പെട്ടെന്ന് ജാനകിയെ കണ്ടപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കൈകൊണ്ടു പൊത്തിയ മകളെ നോക്കി ആ അമ്മ ചോദിച്ചു, നിറഞ്ഞ കണ്ണുകളോടെ
''എന്തുപറ്റീയെന്റെ വാവയ്ക്ക്? ഒരു നിമിഷം കൊണ്ട് നീയീ അമ്മയെ തീ തീറ്റിച്ചല്ലോ..''
അപ്പോഴേക്കും വീടിനുള്ളില്‍ നിന്ന് വാസു ഉറക്കെ വിളിച്ചു: 'എടിയെ..........''
നിങ്ങക്കെന്നാ മനുഷ്യാ കണ്ണും കാണാന്‍ മേലെ.. ടീപ്പോയില്‍ ചായ ഇരിക്കണത് കാണത്തില്ലേ...?'
മകള്‍ക്കു നേരെ തിരിഞ്ഞ് ജാനകി ചോദിച്ചു. എന്താടാ കണ്ണാ നിനക്കു പറ്റീത്.. അമ്മയോടു പറ.. എങ്ങലടിച്ചുകൊണ്ടവള്‍ പറഞ്ഞ വരികള്‍ കേട്ട് ജാനകി ശരിക്കും ഞെട്ടി. 'സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങമ്മെ.... ഇല്ലേല്‍ മലയാളി വീട് കാണാന്‍ പറ്റുകേലാ........ എല്ലാരും വാങ്ങി.. നമ്മളു മാത്രാ വാങ്ങാത്തതൊള്ളൂ... രാജിയും ശാലിനിയും മീരയും ഒക്കെ അതും പറഞ്ഞു കളിയാക്കി..'

കാര്യമറിയും മുമ്പേ മനസ്സില്‍ നൂറായിരം
സംശയങ്ങള്‍ കൂടുകൂട്ടി ആധിപിടിച്ച താനിക്കാണോ.. അതോ വയസ്സ് 19 ആയിട്ടും ചെറിയ കളിയാക്കലുകള്‍ പോലും സഹിക്കാനാവാതെ.. തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടതു കൊള്ളാനുമറിയാത്ത തന്റെ മകള്‍ക്കാണോ പ്രശ്‌നം.. അടച്ചുപൂട്ടിയ മുറിയില്‍ ഇരിക്കാനാഗ്രഹിക്കുന്ന മകളെ പിടികിട്ടണില്ലെന്ന അനുമാനത്തില്‍ ആ അമ്മ തളര്‍ന്നിരുന്നു പോയി. മനസ്സിനുള്ളിലെ സംശയക്കൂടിനുള്ളിലേക്ക് പുതിയ സംശയങ്ങളും പറന്നു... നാളെയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി....




Comments

Harshakumar P said…
ഉം.. കലക്കീട്ടോ
എത്രയോ ജാനകിമാര്‍..........!!

https://www.facebook.com/Kurumbumkaryavumblog/

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!