ഒരു കിലോ അരിക്കെന്താ വില?
ഒരു കിലോ
അരിക്കെന്താ വില?!!
=======================
അതെ, ഇങ്ങ് ഹൈറേഞ്ചിലെ ഓണംകേറാമൂലയിലുള്ള നാണുചേട്ടന്റെ ചായക്കടയില്‍ മാത്രമല്ല, മലയാളക്കരയ്ക്കപ്പുറം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സുന്ദര സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തി പറക്കുകയല്ലായിരുന്നോ? രാഷ്ട്രീയം പറയരുതെന്ന് എഴുതിയാലും പലപ്പോഴും മുന്തിരിക്കള്ളിനൊപ്പം വിഴിഞ്ഞവും നുരഞ്ഞു പതയാറുണ്ടെന്നും അത് വലിയ രാഷ്ട്രീയ തര്‍ക്കങ്ങളിലാവും അവസാനിക്കുന്നതെന്നും സ്വന്തം ഷാപ്പില് നിന്ന് ദാമു ചേട്ടനും ആണയിട്ടപ്പോള്‍ കൊഞ്ചും കരിമീനും കള്ളും നുകര്‍ന്നിരുന്നവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ത്തു ചിരിച്ചു. ഇതെന്താണിപ്പോ പറയാന്‍ സമ്മതിക്കില്ലേ എന്ന അര്‍ത്ഥത്തില്‍ ദാമു ചേട്ടന് അവരെ ഒന്നു നോക്കി. അതൊന്നും ശ്രദ്ധിക്കാതെ വര്‍ക്കിച്ചനും പരമുവും അടിച്ചു കിറുങ്ങിയിരുന്ന ഖാദര്‍ കോയയുടെ മുന്നിലെ കള്ളു അടിച്ചുമാറ്റി ഇരുവരുടേയും ഗ്ലാസ്സിലേക്കു പകര്‍ന്ന് ഒന്നുമറിയാത്തതുപോലെ സാവകാശം കുടിച്ചു തീര്‍ത്തു.
കോയ പയ്യെ തലപൊക്കി. മുഖത്ത് വിളറിയ ചിരി. 'വിഴിഞ്ഞല്ലേ.. അതു പറ്റീരല്ലേ....' അതിനപ്പുറം കോയ പറഞ്ഞില്ല. ആമ തലവലിക്കും പോലെ കോയ വീണ്ടും ഡസ്കിലേക്കു തലചായ്ച്ചങ്ങു കിടന്നു. കോയ പറഞ്ഞതിനോടു എതിര്‍പ്പു പ്രകടിപ്പിച്ച് അബ്ദുള്ള തുടങ്ങി- ' എന്തു പറ്റീരെന്ന് കോയക്കാ നിങ്ങളു ചുമ്മാ വിവരക്കേട് പറയല്ലേ'
ബുദ്ധിജീവിയെന്നു സ്വയം അവകാശപ്പെടുന്ന സുധാകരന് പറമ്പില്കുളത്തിന്റേതായിരുന്നു അടുത്ത ഊഴം. ഒരു പക്ഷെ അവസാനത്തേതും. എന്തുകൊണ്ടെന്നാല്‍ വല്ലപ്പോഴും മാത്രം ദാമു ചേട്ടന്റെ ഷാപ്പില് എത്താറുള്ള അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സുധാകരന്. ഷാപ്പിലെ സ്പെഷ്യല്‍ വിഭവങ്ങള്‍ മതിയാവുവോളം ആസ്വദിച്ചു കഴിച്ചിട്ട് മടങ്ങുകയല്ലാതെ സുധാകരന് കള്ളു കൈകൊണ്ടു തൊടാറില്ല. സുധാകരന് വന്നാല്‍ പിന്നെ അവിടെ ചര്‍ച്ചകള്‍ ഒന്നും നടക്കാറില്ല. കാരണമുണ്ട് - 2G സ്പെക്ട്രം കേസ് കത്തിനിന്നപ്പോള്‍ ഷാപ്പിലേക്ക് സുധയും എത്തി. കോയക്കയും വര്‍ക്കിച്ചനും തമ്മില്‍ വലിയ തര്‍ക്കമായിരുന്നു. കയ്യാങ്കളിയിലേക്കെത്തിയപ്പോഴാണ് സുധയുടെ വരവ്. പിന്നീട് സുധയുടെ തേരോട്ടമായിരുന്നു അവിടെ. കഷ്ടമെന്നു പറയാതെന്തു പറയാന്‍, ഷാപ്പിലെ കുടിയന്മാരെല്ലാം ഷാപ്പു അടയ്ക്കുന്ന നേരമായപ്പോഴാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്നാണ് ദാമു ചേട്ടന് ഓര്‍ക്കുന്നത്.
സുധ ഇത്തവണ പിടിച്ചിരിക്കുന്നത് വിഴിഞ്ഞമാണ്. എന്താവുമെന്നറിയാവുന്നപോലെ കുടിയന്മാരെല്ലാം കോയക്കയെ അനുകരിച്ച് ഡസ്കിലേക്കു തല മെല്ലെ താഴ്ത്തിക്കിടന്നു. ക്ഷമാശീലമുള്ള കുടിയന്മാരുടെ ക്ഷമയെ വീണ്ടും പരീക്ഷിച്ച് സുധാകരന് തുടങ്ങി- 'കേരളം ഉറ്റു നോക്കുന്ന വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പ്രകൃതിദത്തമായി കേരളക്കരയ്ക്കു ലഭിച്ച വിഴിഞ്ഞം രാജ്യത്തിന്റെ മൊത്തം വികസന സ്വപ്നങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഇതൊക്കെ അറിയാവുന്നവരല്ലേ ഈ ഷാപ്പിലുള്ളത്?'
കോയക്ക വീണ്ടും പാതി മയക്കത്തില്‍ വിളിച്ചു പറഞ്ഞു: 'വിഴിഞ്ഞല്ലേ, അതു പറ്റീരാ.. എന്നു വരാനാ?' ദാമു ചേട്ടനും കുടിയന്മാരും കോയക്കയുടെ നോക്കി. ഇതു കണ്ടപ്പോഴാണ് സുധ മുന്നില്‍ നില്‍ക്കുന്നത് കോയക്ക കണ്ടത്.
കോയക്കയെ ദഹിപ്പിക്കുന്ന തരത്തില്‍ നോക്കി നിന്ന സുധ വീണ്ടും തുടങ്ങി- 'രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കുവാന്‍ ഈ ഒരൊറ്റ പദ്ധതിയിലൂടൈ സാധിക്കും. രാജ്യാന്തര കപ്പല്ചാലിനടുത്തുള്ള വിഴിഞ്ഞം തുറമുഖം ഭാരതത്തിന്റെ തന്നെ ഏറ്റവും ആഴം കൂടിയ തുറമുഖമാണ്. മാത്രമല്ല, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 20 മീറ്ററിലധികം ആഴമുള്ളതിനാല്‍ എത്ര വലിയ കപ്പലുകള്‍ക്കും ഈ തുറമുഖത്ത് എത്തിച്ചേരാനുമാവും'
സുധാകരന് ചുറ്റും നോക്കി. ഇല്ല, ആര്‍ക്കും അനക്കമില്ല.. യാതൊരു ഭാവമാറ്റവുമില്ല..!!
സുധാകരന് തുടര്‍ന്നു- 'സി പി രാമസ്വാമി അയ്യര്‍ വിഭാവനം ചെയ്ത വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. എന്താണ് കോയക്ക നിങ്ങള്‍ക്കു വല്ല സംശയവുമുണ്ടോ? '
കോയയോ അതാരാണെന്ന മട്ടില്‍ കോയക്ക എല്ലാവരേയും നോക്കി. ദാമു ചേട്ടന് കണ്ണിറുക്കി കാണിച്ചു. കോയ ബാക്കി വച്ചിരുന്ന കപ്പ പുഴുക്ക് എടുത്ത് വായിലിട്ടു. സുധാകരനോടു തുടരാന്‍ ആഗ്യം കാണിച്ചു.
സുധ- 'സ്വാതന്ത്ര്യത്തിനു മുമ്പ് രാമസ്വാമി കൊണ്ടു വന്ന ആശയം യാഥാര്‍ത്ഥ്യമാവാന്‍ വേണ്ടത് ഒന്നും രണ്ടുമല്ല, 6640 കോടിയാണ്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ചരക്കു വ്യവസായ രംഗത്ത് വന്‍ കുതിപ്പാകും ഉണ്ടാകുക. വിദേശവിനോദ സഞ്ചാരികളെ കേരളക്കരയിലെത്തിക്കുന്നതു വഴി വിനോദസഞ്ചാര മേഖലയില്‍ മാത്രമല്ല, ലോകോത്തര ചര്‍ച്ചകളിലും വിഴിഞ്ഞം ചൂടുപിടിക്കും. ഈ പദ്ധതിയോടനുബന്ധിച്ച് പുതിയ ദേശീയ പാതകളും റെയില്‍വേ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കവും നമുക്കെല്ലാം ഗുണം ചെയ്യില്ലേ? നിങ്ങളു പറ?
സുധാകരന്റെ പ്രസംഗം കേട്ടു മടുത്ത് പരമു പയ്യെ എഴുന്നേറ്റു ദാമു ചേട്ടന്റെ അടുത്തേക്കു നടന്നു. പോക്കറ്റില്‍ നിന്നും കാശെടുത്ത് ദാമു ചേട്ടനു നേരെ നീട്ടിയപ്പോള്‍ പരമുവിന്റെ കൈയ്ക്കു കേറി ദാമു ചേട്ടനും പിടിച്ചു. സുധ സംസാരിക്കുന്നതു കൊണ്ടു മാത്രം ഷാപ്പില് നിന്നും പോവല്ലെയെന്നൊരു വിലക്കായിരുന്നു അത്.
സഹികെട്ട് പരമു സുധയോടു പറഞ്ഞു- ' പൊന്നു മാഷേ, നിങ്ങളുടെ ക്ലാസ്സ് കേള്‍ക്കാനല്ല ഞങ്ങളിവിടെ ഇരിക്കണത്. നിങ്ങളുടെ ഈ പ്രബന്ധം വല്ല പിള്ളേരെയും പഠിപ്പിക്കാന്‍ നോക്ക്. കേന്ദ്രം പോലും വ്യക്തമായ കാഴ്ച്ചപാടില്ലാതെ ആദ്യ ബജറ്റില്‍ അവഗണിച്ചപ്പോഴൊന്നും നിങ്ങളെ ഇങ്ങോട്ടു കണ്ടില്ലല്ലോ. അതിനേക്കാള്‍ വലിയ കാഴ്ച്ചപ്പാടാ നിങ്ങള്‍ക്ക്, കേട്ടിട്ട് ഞങ്ങള്‍ക്കു തല പെരുക്കണു.'
സുധ ഏറ്റു പിടിച്ചു-' പരമുചേട്ടോ, രാഷ്ട്രീയ പരമായല്ല ഞാന്‍ സംസാരിക്കണത്. നമ്മുടെ നാടിന്റെ വികസനം, അതാണ് ഞാന്‍ പറയുന്നത്. കേരളത്തിലേക്ക് ഒഴുകുന്ന നിക്ഷേപങ്ങള്‍, വളരുന്ന വ്യവസായ സാധ്യത ഇതൊക്കെ മാറ്റി നിര്‍ത്തി സംസാരിക്കുവാന്‍ എനിക്കാവില്ല.'
എല്ലാവരും പയ്യെ എഴുന്നേറ്റു. രംഗം വഷളാവും മുമ്പ് ദാമു ചേട്ടന് ഇടപെട്ടു- 'സുധേ, മതി മതി വിഴിഞ്ഞത്തെ പറ്റിയും ആറന്മുള വിമാനത്താവളത്തെ പറ്റിയും മറ്റും സംസാരിക്കുവാന്‍ നമുക്കെല്ലാം ആവേശമാണ്. വിമര്‍ശിക്കുവാനും പ്രശംസിക്കുവാനും നമുക്ക് സമയവുമുണ്ട്. ശരിയാണ് എല്ലാമറിയണം. എന്നാലിപ്പോ സത്യന് അന്തിക്കാടിന്റെ ഒരു പടത്തില്‍ ചോദിച്ച ചോദ്യം ചോദിച്ചാല്‍ നിങ്ങളില്‍ എത്ര പേര് സുബോധത്തോടെ ഉത്തരം പറയും. ഒരു തുള്ളി ലഹരി നുകര്ന്നട്ടില്ലാത്ത സുധയ്ക്കറിയാമോ ഇന്ന് എത്ര രൂപയ്ക്കാണ് ഒരു കിലോ അരി കിട്ടുന്നതെന്ന്.?' എനിക്കറിയാം, കാരണം, ഈ കട എന്റെ അന്നമാണ്.
സുധ ഒന്നും മിണ്ടാതെ ബഞ്ചിലിരുന്നു. ദാമു ചേട്ടനോടായി ചോദിച്ചു- ' ഇന്നെന്താ ചേട്ടോ.. സ്പെഷ്യല്‍? എന്തായാലും ഇന്നു പാഴ്സലോരെണ്ണം വേണട്ടോ'
ഒരംങ്കം ഒഴിവായതിന്റെ സന്തോഷത്തില്‍ ദാമു ചേട്ടന് ചിരിച്ചു കൊണ്ടു പറഞ്ഞു-' ആയിക്കോട്ടെ....'
കോയക്ക അപ്പോഴേക്കും ബോധംകെട്ട് ഉറക്കമായി. 'അല്ലയിപ്പോ, ഇന്നാരുടെ പ്രസംഗം കേട്ടാണോ കോയക്ക ഉറങ്ങീത്?' - ചോദ്യം അബ്ദുള്ളയുടേതായിരുന്നു. എന്തായാലും സുധയുടേതല്ല!!

Comments