ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!!






















ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!!



അന്ന് ഓഫീസില്‍ നിന്ന് നേരെ ഇറങ്ങിയത് പുതുവര്‍ഷം ആഘോഷിക്കാനായാണ്. രണ്ടു മൂന്നു ബേക്കറികളില്‍ കയറിയിട്ടാണ് ഉദ്ദേശിച്ച രീതിയില്‍ നല്ലൊരു ചോക്ലേറ്റ് കേക്ക് കിട്ടിയത്. ആദ്യമായി സ്വന്തം ശമ്പളമുപയോഗിച്ച് ഒരു ആഘോഷത്തിനുള്ള കേക്ക് വാങ്ങുന്നതിന്റേയും പ്ലാന്‍ ചെയ്തതുപോലെ എല്ലാം നടക്കുന്നതിന്റേയും സന്തോഷത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്.

അല്പമൊന്നു നടന്നില്ല, അടച്ചിട്ടിരുന്ന ഒരു ഇലക്ട്രോണിക്‌സ് കടയുടെ മുന്നില്‍ പഴന്തുണി പുതച്ച് ഒരാള്‍ ഇരിക്കുന്നതു കണ്ടു. പുതുവര്‍ഷത്തിന്റെ ഒരുക്കങ്ങളൊന്നും കാണാതെ വിശന്നു തളര്‍ന്നു ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത്. ഭിക്ഷാടനത്തിന്റെ പേരില്‍ ആളെ പറ്റിക്കാന്‍ ഇറങ്ങിയ ആളല്ലല്ലോ എന്നും തോന്നി. കൈയിലുള്ള കേക്ക് കൊടുത്താലോ എന്നാണ് പിന്നെ ചിന്ത പോയത്. കേക്കിന്റെ വില മാറിയതോടെ കൈയിലാണെങ്കില്‍ വണ്ടിക്കൂലി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഓഫീസിലെ പുതുവത്സരാഘോഷത്തിനായി തൂവെള്ള നിറമുള്ള ഡ്രസ്സിനു മാച്ചാവുന്ന തരത്തില്‍ ബാഗും മാറിയെടുത്ത് രാവിലെ ഇറങ്ങിയപ്പോള്‍ എടിഎം കാര്‍ഡും എടുത്തുവയ്ക്കാന്‍ ഓര്‍ത്തിരുന്നില്ല. ശമ്പളത്തില്‍ നിന്നും ആഘോഷങ്ങള്‍ക്കു വേണ്ടി എടുത്തു വന്ന പൈസയില്‍ മുക്കാല്‍ പങ്കും കേക്കിനാവുകയും ചെയ്തു.

അദ്ദേഹത്തിന്റെ മുന്നില്‍ ഒരു നിമിഷം നിന്നു. ആ ഇരിപ്പു കണ്ടിട്ടാവാം കണ്ണു നിറഞ്ഞു. ഞാന്‍ വിളിച്ചു, അനക്കമില്ല. വീണ്ടും വിളിച്ചപ്പോള്‍ ആ മനുഷ്യക്കോലം എന്റെ നേരെ നോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എന്നാല്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഞാന്‍ കണ്ടു.


ഞാന്‍ ചോദിച്ചു, എന്തു പറ്റീ? എന്താ ഇവിടെ ഇരിക്കുന്നത്?  വിശക്കുന്നുണ്ടോ? പക്ഷേ, ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു മറുപടിയും ലഭിച്ചില്ല. അതേ മന്ദഹാസം മാത്രമായിരുന്നു അപ്പോഴും! എന്റെ കൈയിലിരുന്ന കേക്ക് ഞാന്‍ നീട്ടി. അവസാനം അദ്ദേഹം സംസാരിച്ചു; 'വിശക്കുന്നവന് ഭക്ഷണം നീട്ടിയ മോളെ ദൈവം അനുഗ്രഹിക്കും. എനിക്കു വേണ്ടാ.. മക്കളു കഴിച്ചോട്ടോ.. ഞാനിപ്പോള്‍ വയറു നിറയെ വെള്ളം കുടിച്ചതേയുള്ളൂ. അതിനാല്‍ ഒട്ടും വിശക്കുന്നില്ല. മോള്‍ക്ക് നല്ലതു വരും.എനിക്കു പകരം വിശന്നിരിക്കുന്ന മറ്റാര്‍ക്കെങ്കിലും ആ ഭക്ഷണം നല്കൂ..' ഇതു കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.!! അദ്ദേഹം മന്ദഹസിക്കുക മാത്രം ചെയ്തു.!!

അതെ, അദ്ദേഹത്തിന്റെ വാക്കുകള്‍ അതിശയത്തോടെ കേട്ടു നിന്നു പോവണമെങ്കില്‍ അദ്ദേഹത്തിന്റെ മനസിന്റെ വലിപ്പമാണ് തിരിച്ചറിയേണ്ടത്. അദ്ദേഹത്തിനു ആ ഭക്ഷണം വാങ്ങാമായിരുന്നു. വിശപ്പു തോന്നുമ്പോള്‍ കഴിക്കാനായെങ്കിലും. എങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. വിശപ്പിന്റെ വേദന അദ്ദേഹം അറിഞ്ഞിട്ടുണ്ട് എന്നു വ്യക്തം. ആ അനുഭവം അദ്ദേഹത്തെ വിശപ്പിന്റെ വേദന കടിച്ചമര്‍ത്തുന്ന, ഉടുതുണിക്കു മറുതുണിയില്ലാത്ത ഒരോ മനുഷ്യക്കോലങ്ങളേയും ഓര്‍ക്കുവാനും, തനിക്കു ലഭിച്ചത് അവര്‍ക്കു വേണ്ടി നല്‍കുവാനും മാത്രം വലിയവനാക്കിയിരിക്കുന്നു. എന്നാല്‍ നമ്മളോ വഴിയരികിലെ ഈ മനസുകളെ കണ്ടതായി ഭാവിക്കാറു പോലുമില്ല. ബാക്കി വരുന്ന ഭക്ഷണം വെറുതെ പാഴാക്കിക്കളയുന്ന കൂട്ടരും നമുക്കിടയിലുണ്ട്.

അവിടെ നിന്നും ഞാന്‍ തിരികെ നടന്നു. ലോകത്ത് നടക്കുന്നതൊന്നും അറിയാതെ ഇങ്ങനെ എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്! ആഘോഷങ്ങളും ആരവങ്ങളും അവര്‍ അറിയുന്നില്ല, ആരെങ്കിലും നീട്ടുന്ന ഭക്ഷണം മാത്രം. എങ്കിലും അന്യന്റെ വിശപ്പിനെക്കുറിച്ചാണ് അവരുടെ ചിന്ത..! ഇത്ര ലളിതമായി ചിന്തിക്കുവാന്‍ നമുക്കാവുമോ? വിശപ്പിന്റെ വിലയറിഞ്ഞവര്‍ ഇങ്ങനെ ആയിത്തീരുമോ? ദൈവതുല്യനായ ഈ മനുഷ്യന്‍ തെരുവില്‍ കഷ്ടപ്പെടുന്നു. കണ്ടു പഠിക്കാന്‍ ഒരുപാടുണ്ടിവിടെ എന്നിട്ടും..!!!




Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!