ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും!!!


ഓട്ടോഗ്രാഫും ലോക്ക്ഡൗണും !!!

ലോക്ക്ഡൗണ്‍ തിരച്ചിലില്‍ കൈയില്‍ കിട്ടിയത് ഇന്നും നിധിപോലെ സൂക്ഷിക്കുന്ന പഴയ ഓട്ടോഗ്രാഫ് ബുക്കുകളാണ്. പത്ത്, പ്ലസ്ടു, ഡിഗ്രി, പിജി എന്നിങ്ങനെ നാലു ഓട്ടോഗ്രാഫുകള്‍.. വര്‍ഷങ്ങളായി ക്വാറന്റീനില്‍ ഓര്‍മകള്‍ കൊണ്ട് വീര്‍പ്പുമുട്ടി കഴിഞ്ഞ നാലു പേര്‍ !

ആദ്യമെടുത്തത് പത്താം ക്ലാസ്സിലെ ആ ഓട്ടോഗ്രാഫ് ബുക്ക്- കവര്‍ പേജില്‍ മീശമാധവനിലെ ദിലീപും കാവ്യയും... പിന്‍കവറില്‍ സൗഹൃദവും പ്രണയവും ഒരുപോലെ പറഞ്ഞ നിറത്തിലെ കുഞ്ചാക്കോ ബോബനും ശാലിനിയും.. ആ ടൈമില്‍ ഹിന്ദി സിനിമകള്‍ തലയ്ക്കു പിടിച്ച് ഭ്രാന്തായ ഞാനെങ്ങനെയാണ് മലയാള സിനിമയിലെ റൊമാന്‍സിന് പുറകെ പോയതെന്നായിരുന്നു പിന്നെ ആലോചിച്ചത്. ഉത്തരം സ്‌കൂളിനു മുന്നിലുള്ള പാപ്പച്ചന്‍ ചേട്ടന്റെ കട തന്നെ ആയിരിക്കും... അവിടെ വരുന്ന ലിമിറ്റഡ് കളക്ഷന്‍സില്‍ നിന്നല്ലെ അന്നത്തെ പത്താംക്ലാസ്സുകാരിക്ക് ഉള്ളതില്‍ നല്ലത് നോക്കി വാങ്ങാനാവൂ.. ഷാരൂഖിനു പകരം ദിലീപും ഋതികിനു പകരം കുഞ്ചാക്കോ ബോബനും. അല്ലേലും മാധവന്‍ കട്ടതൊന്നും ചേക്ക് വിട്ടു പുറത്തു പോയിട്ടില്ല... പിന്നെ മിഴിയറിയാതെ മിഴിയൂഞ്ഞാലും കെട്ടി നടന്ന ചോക്ലേറ്റു പയ്യനോട് ആരാധന തോന്നാത്തതായി എതെങ്കിലും പെണ്‍കുട്ടികള്‍ അന്നു കേരളത്തില്‍ ഉണ്ടായിരുന്നിരിക്കുമോ!! സാധ്യതയില്ല..!

ബുക്കിന്റെ ഉള്‍പേജുകളിലേക്ക്... നീലയും മഞ്ഞയും റോസും കളറുകളിലുള്ള പേജുകളില്‍ ചെറുതും വലുതുമായ ചില കുറിപ്പുകള്‍... വടിവൊത്തതും നടുവൊടിഞ്ഞതുമായ അക്ഷരങ്ങള്‍... ആദ്യത്തെ പേജുകള്‍ അമ്മു ബുക്ക് ചെയ്തിരുന്നു.

'ചിതലരിക്കാത്ത ഒരു മനസ് ഉണ്ടെങ്കില്‍ ചിതലരിക്കുന്ന ഈ ഓട്ടോഗ്രാഫ് എന്തിന്?' 

കാച്ചിക്കുറുക്കിയ ചോദ്യം! കക്ഷി ഒന്നാം ക്ലാസ്സ് മുതല്‍ കൂടെ ഉണ്ടായിരുന്നു -അന്നത്തെ എന്റെ സ്വന്തം മോട്ടിവേഷന്‍ സ്പീക്കര്‍! ഏഴാം ക്ലാസ്സ് തീര്‍ന്നിറങ്ങുമ്പോള്‍ എന്റെ ഭാവിയെ കുറിച്ചുള്ള അവളുടെ പ്രതീക്ഷകള്‍ കേട്ടപ്പോഴാണ്, വര്‍ത്തമാനം മാത്രമല്ല ഭാവിയും ഒരു വലിയ സംഭവം തന്നെയെന്ന് തോന്നിയത്. അവള്‍ അന്നു പറഞ്ഞതെല്ലാം എന്റെ സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു. ചെറിയ ജീവിതം കൊണ്ട് സ്വന്തമാക്കാനാഗ്രഹിച്ച കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങള്‍...! അവയില്‍ മിക്കതും യാഥാര്‍ത്ഥ്യമായിരിക്കുന്നു.. അമ്മുവിന് ഒരുപാട് നന്ദി... ഓര്‍ക്കാറുണ്ട് നിന്നെ ഇടയ്‌ക്കൊക്കെ...

പിന്നാലെ വന്നതൊരു ഉപദേശമായിരുന്നു ആര്യയുടെ വക - 'പ്ലാവും ചോട്ടില്‍ ഇരുന്ന് പ്രേമലേഖനം എഴുതുമ്പോള്‍ ചക്കപ്പഴം തലയില്‍ വീഴാതെ സൂക്ഷിക്കണം.' ഒപ്പമൊരു പത്താം ക്ലാസ്സ് ക്ലീഷേ ഡയലോഗും - Best wishes for SSLC Exam !! എന്തായാലും പ്ലാവിന്‍ ചോട്ടിലിരുന്നു പ്രേമലേഖനം എഴുതാന്‍ പോയില്ല.. (സത്യം പറഞ്ഞാല്‍ പ്രേമലേഖനം എഴുതിയതേ ഇല്ല..!! വെറും രണ്ടു മൂന്നെണ്ണം മാത്രം കിട്ടിയിട്ടുണ്ട്.!!)

സാഹിത്യത്തിന്റെ ആട്ടുതൊട്ടിലില്‍ മലയാളപദങ്ങളെ താരാട്ടുപാടി ഉറക്കുന്ന സ്വാതിയുടെ വാക്കുകള്‍ വായിക്കേണ്ടതു തന്നെയാണ്. 'അണ്ഡകടാഹത്തിന്റെ വ്യൂഹാന്തതയില്‍ നീലമണിമൂത്തുകളാകുന്ന കവിതകള്‍ വാരിക്കുട്ടൂന്ന നിന്റെ പാതയില്‍ അനേകം സുന്ദരപുഷ്പങ്ങള്‍ വിരിയട്ടെ !'.  എന്തു പറയാനാടി.. ഇപ്പോള്‍ എഴുതാറെ ഇല്ല... കവിതകള്‍ എന്നോട് പിണങ്ങിയിട്ട് എത്ര കൊല്ലമായെന്ന് അറിയുമോ!!?? നോക്കാം പുതിയ കവിതകള്‍ക്കായി ഞാനും കാത്തിരിക്കുകയാണ്. ഗീതുവും ജ്യോതിയും ഡിനുവും Essay ആണ് എഴുതിയിരിക്കുന്നത്. ഭാവിയില്‍ നല്ലൊരു സാഹിത്യകാരിയാവണം എന്ന ആശംസകളും കൂട്ടിച്ചേര്‍ക്കാന്‍ അവരും മറന്നില്ല... 'A faithful friend is the magic of life' എന്നു പറഞ്ഞ മറ്റൊരു അനു 'WC തരാന്‍ മറക്കരുത്' എന്നു കൂടി ഓര്‍മ്മിപ്പിച്ചു. ആ ക്ലീഷേ ഇല്ലാതെ എന്തു ഓട്ടോഗ്രാഫ് അല്ലേടീ...?! ആശയും മറ്റൊരു friendship quote ഉം Exam wishes ഉം എഴുതിച്ചേര്‍ത്തിട്ടുണ്ട്.

'പഴം കാണുമ്പോള്‍ കഴിക്കാന്‍ മറക്കരുത്. നൃത്തം കാണുമ്പോള്‍ കളിക്കാന്‍ മറക്കരുത്. ഓടുമ്പോള്‍ വീഴാന്‍ മറക്കരുത്. എന്നെ കാണുമ്പോള്‍ ചിരിക്കാന്‍ മറക്കരുത്' : സുധി. ഉറപ്പായും ചിരിക്കും... എത്രയും വേഗം കാണാന്‍ സാധിക്കട്ടെ.. ഭാവിയില്‍ കുടുംബത്തിനൊപ്പം കടല്‍ത്തീരത്തിരുന്നു കാറ്റു കൊള്ളുമ്പോള്‍ 'How are you എന്നു ചോദിച്ചു വരുന്ന എന്നോട് Who are you എന്നു ചോദിക്കരുത്' എന്ന അപേക്ഷയാണ് ജിഷയ്ക്കുമുള്ളത്. അതുതന്നെയാണ് ഷിനുവും പറഞ്ഞത്. രണ്ടാമത് വാങ്ങി മറ്റൊരു പേജുകൂടി അവന്‍ ചേര്‍ത്തു: ആദത്തിന്റെ മക്കള്‍ ആബേലും കായേനും ആതിരയുടെ മക്കള്‍ പ്ലാവേലും മാവേലും !!!!!! 

"ശിശിരത്തിലെ കൊടുംതണുപ്പിലും മനസിനുള്ളിലെ അഗ്നിയെ കെടുത്തിക്കളയരുത്. മേഘങ്ങളൊത്ത് ഉയര്‍ന്ന് പറക്കാന്‍ പരിശ്രമിക്കുക. ലഭിച്ചിട്ടുള്ള സര്‍ഗവാസനകളെ നഷ്ടപ്പെടുത്താതിരിക്കുക". സംഭവത്തിന്റെ കെട്ടും മട്ടും സ്ട്രക്ച്ചറും കണ്ടപ്പോള്‍ തന്നെ കാര്യം മനസിലായില്ലേ.. പഠിപ്പിസ്റ്റായിരുന്ന അനുവിന്റേതാണ് വരികള്‍. കക്ഷി പ്ലസ്ടു വിനും എനിക്കൊപ്പം ഉണ്ടായിരുന്നു.ആളിപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഇടക്കിടെ കാണാറുമുണ്ട്.. പോരാത്തതിന് നാട്ടുകാരിയും.. മറ്റൊരു പഠിപ്പിസ്റ്റ് അരുണിന്റ ഉപദേശവും ഇതുപോലെ തന്നെ..'ജീവിതസാഗരത്തിന്റെ തീരത്തു നില്‍ക്കുമ്പോള്‍ ഒരു തിര നിന്നെ കുളിക്കാന്‍ ക്ഷണിക്കും - ആ 'തിര' യോട് നീ പറയുക 'കളിക്കാന്‍ നേരമില്ല. പഠിക്കണം'. പറഞ്ഞെടാ പറഞ്ഞു.. ബയോളജി സയന്‍സും, ഗണിതശാസ്ത്രവും ജേര്‍ണലിസവുമൊക്കെ പഠിച്ചെടാ....!!

'എന്റെ മനസില്‍ നീ ഒരു ചിത്രകാരിയായി മാറുന്നു' - മാതുവിന്റെ വരികള്‍. വായിച്ചപ്പോള്‍ ഒരു ചിത്രം വരച്ചിട്ടെത്ര നാളായി എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍... ഇനി കൈവഴങ്ങുമെന്നു തോന്നണില്ലാടി...നോക്കാം. പിന്നാലെ വന്നത് ജിതിന്റെ കുറിപ്പാണ്: 'ഭാവി ജീവിതം ഭാസുരമാക്കാന്‍ ഭര്‍ത്താവിന്റെമ്മയെ ഭരണിയിലാക്കുക'. ആഹാ ഇതാണ് വരികള്‍.. രണ്ടും കല്‍പ്പിച്ച് ദര്‍ബാര്‍ രാഗത്തിലൊരു കീച്ചങ്ങു കീച്ചിയെന്നു പറയും പോലെ പ്രാസം ഒപ്പിച്ചൊരു പ്രയോഗം... നല്ലൊരു ഭരണി തന്നെ വേണ്ടി വരും.. മം... സമയമാകുമ്പോള്‍ ഇംപോര്‍ട്ട് ചെയ്‌തേക്കാം...

'ഈ മഞ്ഞ കടലാസില്‍ ഒന്നും എഴുതാന്‍ തോന്നണില്ല Best wishes for Exam' അനുവിന്റേതാണ് വരികള്‍ .. അനു മാത്രം അല്ല അമലയും എഴുതാതെ എഴുതിയ വരികള്‍. മഞ്ഞ കടലാസിനോട് തോന്നിയ നീരസം കൊണ്ട് വെറും ആശംസകള്‍ മാത്രമായി ഒതുക്കിയെങ്കിലും പരിഭവമില്ല... ആശംസകള്‍ക്ക് വല്ലാത്തൊരു എനര്‍ജി ആന്നേ...!

'പ്രശാന്തതയുടെ അദൃശ്യമായ വേലിക്കെട്ടുകളില്‍ നൈര്‍മല്യത്തിന്റെ വാടാമലരുകള്‍ വിരിയിച്ച നിനക്ക് എല്ലാവിധ വിജയാശംസകളും' ഫൈസല്‍ കുറിച്ച വരികള്‍. വരികള്‍ അതിമനോഹരം.. മനസ്സു നിറയാന്‍ ഇതു മതി.

ആശംസകളും പ്രാര്‍ത്ഥനകളുമായി ഇനിയുമനേകം ആളുകള്‍... St. Ritha's ന്റെ ഓര്‍മ്മയില്‍ മിന്നിമായുന്ന ചില മുഖങ്ങള്‍... ഓര്‍മ്മകളിലങ്ങിനെ കുറച്ചു നേരം... അപ്പോഴും കുഞ്ഞു കുഞ്ഞു രഹസ്യങ്ങളും വലിയ ഓര്‍മകളുമായി മറ്റു മൂന്നു ഓട്ടോഗ്രാഫുകള്‍ അവശേഷിക്കുന്നുണ്ടായിരുന്നു. !!




Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!