ദൈവത്തിന്റെ സ്വന്തം നാട്. മനുഷ്യന്റെയും


കേരളപ്പിറവി ദിനാശംസകൾ

കേരളനാടിതാ വീണ്ടും മനോഹര
മായൊരു പിറവികൂടി കൊണ്ടാടുമ്പോൾ
അനവദ്യ സുന്ദര ഹരിത പ്രഭയോലും
കീർത്തിയേഴും മലനാടിന് പിറന്ന നാൾ

ബഹുദൂരം താണ്ടിയ നാടിന് മഹത്വം
പുകൾപൊങ്ങുമെന്നുമെപ്പോഴും സദാ
തിരിഞ്ഞു നോക്കേണം മഹത്വമേറിടും
നാടിന്റെ സമകാലസംഭവ വികാസങ്ങൾ

പലകോടി ദൈവങ്ങൾ ഒന്നിച്ചു വാഴുന്ന
മതസഹോദര്യം തുളുമ്പുന്നഭൂവിൽ
വിചിത്രമചിന്തനീയം ദൈവത്തെനിർത്തി
വിശ്വാസത്തെച്ചൊല്ലി തമ്മിലടിക്കുന്നു..

നാടിവിടെ മാനവർ മത്സരിക്കുന്നിതാ
ആരിവിടെ മുന്നിലായെന്തിനുമേതിനും..
വിലയില്ലയൊന്നിന്നും ജനിപ്പിച്ചവർക്കും
മൃഷ്ടാന്നം, സ്വരീരത്തിനൊടുപോലും

പ്രകൃതിയുടെ ജലവഴിയടച്ചതുമതിനെ
പ്രകൃതിതാൻ തന്നെ തെളിച്ചൊഴുകിയതും
ഭൂമിക്കു നൽകുന്ന ദ്രോഹമതിന്നെതിരെ
പ്രതികരിക്കുന്നിതാ സർവപ്രപഞ്ചവും

ധരണിതൻ ഗര്ഭപാത്രത്തിൽ വരെ
ചൂഴ്ന്നെടുക്കുന്നു ജലം കുഴൽക്കൂപങ്ങളിൽ
വറ്റുന്നു നീരതിൻ പരമമാം സഹനത്തിൻ
നെല്ലിപ്പലകയിൽ വരളുന്നു ഭൂഹൃദയം

വർഷഹേമന്തങ്ങൾ സമയം മറക്കുന്നു
ശിശിരശരത്തുകൾ താളം പിഴക്കുന്നു
പ്രളയവരൾചകൾ മാറിമറിയുന്നു..
സ്ഥായിയായൊന്നുമില്ലെന്നവനറിയുന്നു..

ഇനിയും പഠിച്ചില്ലയെങ്കിൽ കാലാന്തരേ
ദൈവം പോലും തിരിഞ്ഞു നോക്കാതാവും
പഠിക്കും മൂഢരാം നേതൃമാന്യന്മാരും
കണ്ണുകളിറുക്കിയടക്കുന്ന നിയമവും

വിടരാൻ കൊതിക്കുന്ന കുരുന്നു മൊട്ടുകൾ
പിച്ചിച്ചീന്തിയെറിയപ്പെടുമ്പോൾ
കാമമൃഗത്തിൻ നഖദംഷ്ട്രകൾ ചോരയൂ-
റ്റിക്കുടിക്കുന്നു പുത്രീഭേദമന്യേ...

കൊടുക്കവേണം കണക്കിനപ്പപ്പോഴേ
നിർത്തവേണം ഇനിയെങ്കിലും ചിന്തിക്ക
പാഴ്പ്രചാരങ്ങളും മാധ്യമപ്രഹസനവും
തകർത്തുവാർക്കുവിരുൾ വീണ നിയമം..

ദൈവമുറങ്ങുന്ന ദൈവത്തിന് നാട്ടിൽ
ഉണരണം മർത്യകുലമിനിയെങ്കിലും
അവനിലൂടിനിയുമുണരണം ദൈവങ്ങൾ
പുലരണം ദൈവത്തിന് നാട്ടിൽ നന്മകൾ..







കിഷോർ രാമചന്ദ്രൻ
തൊടുപുഴ

Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!