സമ്പന്നശൂന്യർ
വീടുണർന്നു വീട്ടുകാരുണർന്നു...
കൂട്ടിൽ കിടക്കുന്ന ശ്വാനൻ പോലും..
പന്തലുയർന്നു സംസാരമുയർന്നു..
വീട്ടുകാർ ഉത്സാഹത്തോടോടിനടന്നു..
ഉടുത്ത ചേലകൾ മിനിറ്റിനു മാറ്റി
മുഖത്തു ചായം പരിധിയിൽ കൂടുതൽ
ഉറങ്ങിക്കിടന്ന കുഞ്ഞിനെയുണർത്തി
കെട്ടിച്ചു തന്നെക്കാൾ വലിയ കോലം..
ഇടയ്ക്കിടക്ക് തൻ ഫോണിൽ നോക്കി
സ്വയം പറയുന്നിതെന്തൊക്കെയോ
നാട്ടുകാരൊക്കെ വന്ന സമയത്ത്
ഒരുങ്ങി സൽക്കരിച്ചവരെ മരുമകൾ
വന്നവരൊക്കെ പരസ്പരം ചൊല്ലുന്നു
പഴയ കഥകളും ഓർമ്മകളും
പെട്ടെന്നുനോക്കിയാൽ ഏതോ പ്രമാണി
തൻ വീട്ടിലെ കല്യാണം പോലെ..
ഒരു കൂട്ടരൊന്നുമറിയാതെ മാന്തുന്നു
കയ്യിലെ ചില്ലുകഷ്ണത്തിൽ
രാത്രിയുമില്ല പകലുമില്ല എന്തിനേറെ
അവര്ക് തീറ്റപോലും വേണ്ട..
വന്നവരെയറിയില്ല, സഹോദരങ്ങളെ
പോലുമങ്ങോട്ടുമിങ്ങോട്ടുമറിയില്ല
അറിയാം പറഞ്ഞെന്നാൽ മുഖ-
പുസ്തകത്തിലെ തന്റെ സുഹൃത്താണ്..
വേറൊരു കൂട്ടം കയറിവരുന്നു..
എന്തൊക്കെയോ കാട്ടികൂട്ടി
കരയുന്നു മറിയുന്നു കൊടുത്തുപോകും
ഓസ്കറൊരെണ്ണമവർക്ക്..
ഓതുന്നു മുതലുണ്ടുകിട്ടാൻ
ഇനിയെന്താവുമെന്നൊക്കെയിടയിൽ
തരിപോലുമില്ല വിഷമം ഒക്കെ
നാട്ടുകാർമുന്നിലെ അഭിനയം..
അകത്തൊരാളൊരു അടച്ച
മുറിയിലാർക്കും വേണ്ടാതിരികുന്നു
തകർന്ന നെഞ്ചുമായ് പ്രിയന്റെ
വേർപാടിൽ ജലപാനം പോലുമില്ലാതെ.
നന്ദികെട്ടവരിവരേ വളർത്തുവാനായ്
തങ്ങൾ പെട്ട പാടുകളൊർത്തു
കരഞ്ഞു തളർന്ന കണ്ണുമായി
തളർന്നിരിക്കുന്നൊരമ്മ..
മരണവീടാണെന്തൊരാഘോഷം വിലയില്ല മനുഷ്യജടത്തിന് പോലും
അഥപ്പതിക്കുന്നു സംസ്കാരം കൂടി-
യെന്നുറക്കെ പാടി നടക്കുന്ന ശൂന്യർ...
പിതാവിൻ മരണത്തിൽ പോലും
മുതലിനെ ചൊല്ലി കലഹിക്കുന്ന മക്കൾ
കൊലചെയ്യപ്പെടും മുതലിനുവേണ്ടി
വളരുന്നിതെല്ലാം കണ്ടവരുടെ മക്കളും..
ഓർമയിൽ വയ്ക്കുക പഴുത്തൊരില
വീഴുമ്പോൾ ചിരിക്കുന്ന പച്ചിലയും
ഒരിക്കൽ പഴുക്കുമന്ന് വീഴും
ചിരിക്കാനൊരായിരമിലകളുണ്ടാവും.
കിഷോർ രാമചന്ദ്രൻ


Comments