അവന്‍
കലാലയത്തില്‍ വെച്ച് കണ്ടുകിട്ടിയ സുഹൃത്തായിരുന്നു അവന്‍. ക്യാമ്പസിലെ സുന്ദരിയെ തന്നെ പ്രേമിച്ച് കോളേജിലെ പ്രണയനായകനായി അവനങ്ങു നിറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, ക്യാമ്പസ് പ്രണയങ്ങളെ പൊതുവെ പുച്ഛിച്ചു തള്ളിയ അരുണ്‍ സാറായിരുന്നു ഞങ്ങളുടെ ഹീറോ.. മുഖം നോക്കിയുള്ള പ്രണയത്തിന് എന്ത് ആത്മാര്‍ത്ഥത എന്നു പുച്ഛിച്ചുകൊണ്ടാണ് ഉച്ച സമയത്തെ ഞങ്ങളുടെ വട്ടമേശ സമ്മേളനങ്ങള്‍ അവസാനിക്കാറുള്ളതും... അരുണ്‍ സാര്‍ ഇഫക്ട്!!
ഒന്നും രണ്ടും വര്‍ഷങ്ങള്‍ പെട്ടെന്നു കടന്നു പോയി.. അവനു ചുറ്റും പല പ്രണയങ്ങളും പൂക്കും മുമ്പേ കൊഴിഞ്ഞു.. അരുണ്‍ സര്‍ പറഞ്ഞുപോയ പ്രണയത്തിന്റെ തിയറം അവന്റെ കാര്യത്തില്‍ ഒരിക്കലും പ്രൂവ് ചെയ്യാന്‍ സാധിക്കാത്തതാണെന്ന് ക്യാമ്പസ് ഒന്നടങ്കം പറഞ്ഞു. എന്നാല്‍, മൂന്നാം വര്‍ഷത്തിന്റെ പാതിയോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അവളുടെ പേരു കേട്ടാല്‍ പൊട്ടിത്തെറിക്കുന്നവനായി അവനങ്ങു മാറി!!! അവന്റെ കൂട്ടുകാരായ ഞങ്ങള്‍ക്കു മുന്നില്‍ കണ്ണീര്‍ നിവേദനം നീട്ടി അവള്‍ പലവട്ടം വന്നു. അവനോട് ഒരുവട്ടം സംസാരിക്കണമെന്ന ആ ആവശ്യം തള്ളിക്കളയാന്‍ ഞങ്ങള്‍ക്കായില്ല.. കാര്യമോ കാരണമോ ചോദിക്കാതെ ഞങ്ങള്‍ അവനോട് പറഞ്ഞു-പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുവാന്‍..
അവളെ കുറിച്ച് വാതോരാതെ സംസാരിക്കുവാന്‍ ഇഷ്ടപ്പെട്ടിരു പഴയ അവനും പുതിയ അവനും തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ട് ഞങ്ങളും നിശ്ബ്ദരായി.. പ്രണയം കുട്ടിക്കളിയായി കാണാത്ത ഒരു നല്ല കൂട്ടുകാരനുണ്ടെന്ന ഞങ്ങളുടെ അഹങ്കാരവും മങ്ങിത്തുടങ്ങി. രണ്ടര കൊല്ലത്തെ പരിശുദ്ധപ്രണയത്തിന് ക്യാമ്പസിനുള്ളില്‍ത്തന്നെ ചിതയൊരുക്കി അവന്‍ കോളേജിന്റെ പടികളിറങ്ങി.
ഇന്നവന്‍ രണ്ടു കുട്ടികളുടെ പിതാവാണ്, ഗവണ്‍മെന്റ് ജോലികിട്ടി മാസങ്ങള്‍ക്കുള്ളില്‍ നാട്ടിലെ സമ്പന്ന കുടുംബത്തിലെ ഒരു സുന്ദരികുട്ടിയെ വിവാഹം ചെയ്തതാണ്.. ആ കല്ല്യാണത്തിനും അവന്റെ മുഖം തെളിഞ്ഞിരുന്നില്ല.. ഒരുതരം വാശി തീര്‍ക്കലായിരുന്നു ആ കല്ല്യാണമെന്ന് അവന്‍ പറയാതെ പറഞ്ഞു. രാവിലെ അവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടതാണ് അവനെക്കുറിച്ച് ഞാന്‍ എഴുതാനെടുത്തത്..കടുത്ത പ്രണയവിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റുകള്‍.. ഭാര്യമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കും അവന്റെ വാളില്‍ പഞ്ഞം കണ്ടില്ല..
അവന്‍ വാശിതീര്‍ക്കുകയാണ്.. അവനോടു തന്നെ.... കാര്യവും കാരണവും സുഹൃത്തുകളോടോ വീട്ടുകാരോടോ വ്യക്തമാക്കാതെ നിരാശയും ദേഷ്യവും ഫെസ്ബുക്കിലൂടെ തീര്‍ക്കാനുളള ശ്രമത്തിനിടയില്‍ നേടിയതിലും അധികം അവനെന്തൊക്കെയോ നഷ്ടപ്പെടുത്തുകയായിരുന്നു. ആഗ്രഹിച്ച ജോലിയും നല്ലൊരു ഭാര്യയും മിടുക്കരായ മക്കളുമൊന്നും അവനില്‍ സന്തോഷം നിറയ്ക്കാത്തപ്പോലെ...ഒരു ആഘോഷങ്ങള്‍ക്കും കുടുംബത്തിനൊപ്പം അവനുണ്ടാകാറില്ലത്രെ.. ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി നിര്‍വ്വഹിക്കാറുണ്ടെങ്കിലും മനസ്സുകൊണ്ട് ഏറെ അകന്ന അവനെ ഓര്‍ത്ത് ആ അമ്മയും ഭാര്യയും ദു:ഖിതരാണ്.
എന്തിനും ഏതിനും വിളിപ്പുറത്തോടിയെത്തുന്ന ആ പഴയ സൗഹൃദം മാത്രമാണ് ഞങ്ങള്‍ക്കും നഷ്ടമാകാത്തതുള്ളൂ.... അതും എവിടെയോ നഷ്ടമായേക്കാം...

Comments