മഴ നനഞ്ഞ വഴിയിലൂടെ...
മഴ അറച്ചറച്ചു പെയ്തിറങ്ങിത്തുടങ്ങി. സ്‌കൂള്‍ ബാഗുകളെ പാതിമറച്ച് കുട്ടികളും നിരന്നു തുടങ്ങി. നീട്ടിമണിയുടെ താളത്തില്‍ മഴത്തുള്ളികള്‍ വര്‍ണ്ണശബളമായി കുടയില്‍ തട്ടി ചിന്നിത്തെറിച്ചു. അകലെ നിന്നു കണ്ട ഒരു സാരിത്തുമ്പ്, ഒരു കുടയെ മാത്രം മഴ നനയാന്‍ അനുവദിക്കാതെ വരാന്തയില്‍ കാത്തുനിര്‍ത്തി. ആ കുടയോടൊപ്പം രണ്ടു കൊച്ചുകണ്ണുകള്‍ മഴയില്‍ നനഞ്ഞു നടന്നു വരുന്ന എന്നെത്തന്നെ നോക്കിനിന്നു.
വരാന്തയിലേക്കു കയറി സിദ്ധുവിനെ എടുത്തുയര്‍ത്തുമ്പോള്‍ അവന്റെ മുഖത്തൊരു വലിയ പരിഭവം തളം കെട്ടിനിന്നു.
''അമ്മയുടെ മോന്റെ മുഖം എന്താ സന്തോഷമില്ലാതിരിക്കണെ?'' വെറുതെ എന്റെ മുഖത്തേക്കൊന്നു നോക്കിയിട്ട് അവന്‍ ഊര്‍ന്നിറങ്ങി മുഖം തിരിച്ചു നിന്നു.
സ്റ്റാഫ് റൂമില്‍ ശാന്തി മിസ്സ് എന്നെയും കാത്തിരിക്കുകയാണ്. പറയാന്‍ പോകുന്നതും ചോദിക്കാന്‍ പോകുന്നതുമെല്ലാം മനസ്സില്‍ കണ്ടിട്ടും നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് ഞാന്‍ അവരുടെ മുന്നില്‍ ഇരുന്നു. ''സിദ്ധാര്‍ത്ഥിനെന്തുപറ്റി മാഡം? അവന്‍ പഴയ ആളല്ല, ജികെക്കും ഇംഗ്ലീഷിനും മാര്‍ക്ക് വളരെ കുറവും. മാഡം, ഈ ചെറിയ പ്രായത്തില്‍ എന്താ അവനിത്ര വിഷമം? എന്തെങ്കിലും പ്രശ്‌നം?'' കുറെക്കാലമായി ഇത്തരം ചോദ്യങ്ങളുടെ ഉത്തരം സിദ്ധുവിനു മേല്‍ ചാരിവച്ച് ഞാന്‍ രക്ഷപ്പെടുകയായിരുന്നു. ഇന്നും പതിവുപോലെ...!!
ടീച്ചറുടെ മുന്നില്‍ ഒരു മൂടല്‍മഞ്ഞ് തീര്‍ത്ത് വരാന്തയിലെത്തുമ്പോള്‍ വെറുതെ മഴ നോക്കി നില്‍ക്കുകയാണവന്‍. വീണ്ടും മൂകത. ട്രാഫിക് ബ്ലോക്കില്‍ മറ്റു വാഹനങ്ങളുടെ കോലാഹലങ്ങള്‍ക്കിടയിലും, എന്നെ ഒറ്റപ്പെടുത്താന്‍ മാത്രം കരുത്തുള്ള ഒരു മൂകത എന്റേയും സിദ്ധുവിന്റേമിടയില്‍ തിങ്ങി നിറഞ്ഞുകൊണ്ടിരുന്നു.
''സിദ്ധൂ, അമ്മയോടു ദേഷ്യാാ..'' ''ഉം'' പുറത്തേക്കു നോക്കിക്കൊണ്ടുതന്നെ അവന്‍ പറഞ്ഞു.
''എന്തിനാ കണ്ണാ ദേഷ്യം?'' ''അതു ഞാന്‍ അമ്മയോടു നേരത്തെ പറഞ്ഞതല്ലെ?''
കാലത്തിനൊപ്പം പറന്ന എന്റെ പുരോഗമന ചിന്താഗതി എനിക്കു നഷ്ടമാക്കുന്നത് എന്റെ പൊന്നോമനയെയാണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അവന്റെ അച്ഛനില്‍ നിന്നും എന്റെ അടുത്തേക്ക് പറിച്ചു നടുമ്പോള്‍ എന്റേതാക്കി വളര്‍ത്താമെന്ന് ഞാന്‍ കരുതി. പക്ഷെ, എല്ലാം എന്റെ തോന്നലായിരുന്നു.
പല പ്രതിബന്ധങ്ങളും ഏറ്റെടുത്തിറങ്ങിത്തിരിച്ചപ്പോള്‍ മറ്റു പലതും ഞാന്‍ കാണാതെ പോയി. സിദ്ധുവിന്റെ നാടകത്തില്‍ ഒരു വേഷവും എനിക്കില്ലായെന്നു ഞാന്‍ മനസ്സിലാക്കി. അങ്ങനെ, ഞാന്‍ അരങ്ങൊഴിഞ്ഞു.
യുവത്വവും ആവേശവും ആദര്‍ശങ്ങളും വാരിനിറച്ചപ്പോള്‍ ഒരുപോലെയെന്നു കരുതി കൈകോര്‍ത്ത് ജീവിതത്തിലേക്കു കടന്നുവന്നവരാണ് ഞാനും വസുവും. പക്ഷെ, പഴയ ആവേശവും ആദര്‍ശങ്ങളും ഒപ്പം പോന്നില്ല! രണ്ടുവഴിക്കു ചിന്തിച്ചു നീങ്ങിയ എന്റേയും വസുവിന്റേയും ഇടയില്‍ പൊലിഞ്ഞത് സിദ്ധുവിന്റെ കുട്ടിക്കാലവും അവന്റെ സന്തോഷങ്ങളുമാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എന്റെ മുന്നില്‍ മതിലുകള്‍ തീര്‍ത്തപ്പോള്‍ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. എന്റെ ഒരു നിമിഷത്തെ ചിന്തപോലും സിദ്ധുവിനായി മാറ്റിവയ്ക്കുവാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.
ഇന്നു ഞാന്‍ ഒറ്റയ്ക്കായതും ആ വാശികൊണ്ട് തന്നെയാ... 15 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതേ മഴ... അതിങ്ങനെ എന്നിലേക്കു ഓര്‍മ്മകളായി പെയ്തിറങ്ങി. ഇന്നു സിദ്ധു അവന്റെ ഇരുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അവനെ വീണ്ടും ഒരുനോക്കുകാണാന്‍ എന്റെ ഹൃദയം വെമ്പല്‍കൊണ്ടു.
മഴ തോര്‍ന്നു മാനം തെളിഞ്ഞു. മുറ്റത്തിറങ്ങുമ്പോള്‍ വസുവും രൂപയും എന്നെ കാത്തുനില്‍ക്കുന്നു. സ്വീകരണമുറിയിലെത്തുമ്പോഴും സിദ്ധുവിനെ മാത്രം കണ്ടില്ല..!! മുറിയില്‍ ലാമിനേറ്റു ചെയ്ത ചിത്രങ്ങള്‍.. നിറയെ ട്രോഫികളും മെഡലുകളും.. കണ്ടു കണ്ണെടുക്കും മുമ്പ്, ''അമ്മേ, ആരാ അത്?'' രൂപയെ ലക്ഷ്യം വച്ച് എത്തിയ ചോദ്യത്തോടൊപ്പം സിദ്ധുവും താഴേക്കിറങ്ങിവന്നു. അവിടെയും വീണ്ടും അതേ മൂകത തളം കെട്ടിനിന്നു.!!!
അവനായി കാത്തുവച്ച സമ്മാനങ്ങളെല്ലാം ഉമ്മറത്തേക്കു ഇറക്കിവെച്ച് ഞാന്‍ കാറില്‍ തിരിച്ചുകയറി. വര്‍ഷങ്ങള്‍ക്കു മുമ്പ് വസുദേവ് രൂപയെ താലിചാര്‍ത്തുമ്പോള്‍, അവളുടെ കൈയിലേക്ക് സിദ്ധുവിനെ ഏല്‍പ്പിച്ച് ബംഗാളിലേക്ക് പോകുമ്പോള്‍, എന്നും... ഞാന്‍ ഒറ്റയ്ക്കായിരുന്നു..!!
വണ്ടി മുന്നോട്ടു വേഗത്തില്‍ പാഞ്ഞപ്പോള്‍, ഇരുവശങ്ങളിലേയും മരങ്ങളും പൂക്കളും ആളുകളും എന്റെ കണ്‍മുന്നില്‍ നിന്നും പുറകിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു. ഈ നാല്‍പ്പത്തിയാറാം വയസ്സിലും പഴയ ആവേശവും വാശിയുമൊക്കെ ഒരു തരിപോലും ചോരാതെ എന്റെ കൂടെയുണ്ട്. എന്തിനോ വേണ്ടി എന്തൊക്കെയോ നഷ്ടപ്പെടുത്തി ഒറ്റയ്ക്കു മുന്നോട്ടുപോകുമ്പോഴും അവ മാത്രം കൂട്ടുണ്ട്.!! മഴ വീണ്ടും പെയ്തുതുടങ്ങി.. എന്നെ കൊഞ്ഞനം കുത്തും പോലെ, ആ മഴ മുഴുവന്‍ ഞാന്‍ കണ്ണുകളില്‍ രണ്ടു തുള്ളികളാക്കി ഇറുക്കിയടച്ചു..!!!
എം.കെ. ആര്യ
ഇടുക്കി


Comments