വിദ്യാരംഭം
പണ്ട് പണ്ട്.... (ഹേയ് ഒരുപാട് പുറകോട്ട് പോകേണ്ടതില്ല..!! കാരണം എനിക്ക് മൂന്നു വയസാകുന്നതിനു മുമ്പുള്ള കാര്യമാണ് പറഞ്ഞു വരുന്നത്..!) മുവാറ്റുപുഴയിലെ സുന്ദരേശ്വരന്‍ നായര്‍ എന്ന ഉന്നതവിദ്യാസമ്പന്നനും (ഡബിള്‍ എംഎ) ഏവരുടേയും ആരാധ്യനുമായ ഗുരുവിനരുകിലേക്ക് ആറു വയസ്സുകാരി കുഞ്ഞേച്ചിയുടെ കൈപിടിച്ചാണ് പച്ച കുട്ടിയുടുപ്പിട്ട ആ സുന്ദരിക്കുട്ടി കയറിച്ചെന്നത്...(ശ് ശ്്...അന്ന് എന്നെ കണാന്‍ ഭയങ്കര ഗ്ലാമറായിരുന്നൂന്നെ.!!)
എഴുത്തിനിരിക്കാനായി ഞാന്‍ വരുന്നുണ്ടെന്നറിഞ്ഞ് ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന അമ്മാവന്‍ (എന്റെ പ്ലസ് ടു പഠനക്കാലത്താണ് സുധയമ്മാവന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞത്.) ഞങ്ങള്‍ ചെന്നിറങ്ങിയപ്പോള്‍ വെറ്റിലയും അടയ്ക്കയും വാങ്ങി അമ്മയെ ഏല്‍പ്പിച്ചു. അക്ഷരങ്ങളെ തൊട്ടറിയാന്‍ ഗുരുദക്ഷിണയായി നല്‍കിയ ആ വെറ്റിലയും അടയ്ക്കയും നാണയത്തുട്ടും തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി ഞാന്‍ കരുതുന്നത്..അതും എന്റെ സുധയമ്മാവന്റെ വക!).
കരഞ്ഞും ചിരിച്ചും കുറുമ്പുകാട്ടി ഓടിനടക്കുന്ന കുറച്ചു കൂട്ടുകാര്‍ക്കിടയില്‍ ഊഴം കാത്ത് ഞാനുമിരുന്നു. ചന്ദനത്തിരിയുടെ സുഗന്ധത്തിനൊപ്പം ചന്ദനവും അവലും മലരും ശര്‍ക്കരയും ഒക്കെ മല്‍സരിച്ചെത്തി മൂക്കിലേക്ക് ഇടിച്ചുകയറി.. ഒപ്പം കാതുകളിലേക്ക് തുളച്ചുകയറിയത് ഒരു കുട്ടിക്കുറുമ്പന്റെ കരച്ചിലായിരുന്നു.. ആകാംക്ഷയുടെ തുഞ്ചത്ത് നിന്നും കാലു വഴുതി ഞാന്‍ വീണു.. വലംകൈയില്‍ ചങ്ങലപോലെ മുറുകിയിരുന്ന ചേച്ചിയുടെ കൈകളെ കുടഞ്ഞെറിഞ്ഞ് കരച്ചില്‍ കേട്ടിടത്തേക്ക് ഓടിച്ചെന്ന് എത്തിനോക്കി.. ദേവിയുടെ ഫോട്ടോയും നിലവിളക്കും ചന്ദനത്തിരികളും പൂക്കളും ഒക്കെ കണ്ടപ്പോള്‍ ഇവയ്്‌ക്കൊപ്പമിരിക്കുന്ന സുന്ദരേശ്വരന്‍ നായര്‍ അമ്പലത്തിലെ പൂജാരിയാണെന്നാണത്രെ ഞാന്‍ അന്നു കരുതിയത്.. ആ വീടൊരു അമ്പലവും!!!
അടുത്തതായി എന്റെ ഊഴമായിരുന്നു.. അച്ഛനും അമ്മയും ചേച്ചിയും അമ്മാവനുമൊപ്പം അവിടെയുണ്ടായിരുന്ന സകലരും നോക്കിനില്‍ക്കെ അതിയായ സന്തോഷത്തില്‍ ഞാന്‍ 'പൂജാരി'യുടെ അടുത്തുചെന്നു നിന്നു.. ആ മുഖത്തേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചുകൊണ്ട് ദക്ഷിണ നല്‍കി. തിരികെ ഒരു പുഞ്ചിരി സമ്മാനിച്ച അദ്ദേഹം എന്നെയെടുത്ത് മടിയിലിരുത്തി... പിന്നെ എന്റെ മടിയിലേക്ക് അരി വിതറിയ ഒരു പ്ലേറ്റു വച്ചു.. ഒരു സ്വര്‍ണ്ണ മോതിരം കൊണ്ടെന്റെ നാവിലും എന്റെ വിരലുകളിലൂടെ അരിയിലും അക്ഷരങ്ങള്‍ കോറിയിട്ടു- ഹരി ശ്രീ ഗണപതയെ നമ:
പിന്നീടിന്നോളം ആ അക്ഷരങ്ങളായിരുന്നു എന്റെ കൂട്ട് ...വേര്‍പാടിന്റെ നൊമ്പരം സമ്മാനിക്കാത്ത എന്റെ കൂട്ടുകാര്‍...!!! അറിവിന്റെ ലോകത്തെ അത്ഭുതങ്ങളെ പരിചയപ്പെടുത്തിയ കൂട്ടുകാര്‍... !! തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ശാസിച്ചവര്‍........!!


Comments