പ്രേമം കേട്ട പഴി !!
പ്രേമം കേട്ട പഴി !!
=============================================അന്താരാഷ്ട്ര വിഷയങ്ങളും പ്രദേശിക വിഷയങ്ങളുമെടുത്ത് ചാനലുകള്‍ ചര്‍ച്ചകളിലൂടെ ഇറങ്ങി കറങ്ങിത്തിരിഞ്ഞ് പുതിയ ചര്‍ച്ചകളിലേക്കു വഴി തുറന്ന് പ്രേക്ഷകനെ വിഢിയാക്കുന്ന കോമാളിത്തരങ്ങള്‍ തുടരുന്നതിനിടെയാണ് പതിവില്ലാതെ കേട്ടാല്‍ തന്നെ സുഖമുള്ള വിഷയമെടുത്ത് ചര്‍ച്ച തുടങ്ങിയത്. അന്നു മുതല്‍ ചാനലുകള്‍ പരസ്പരം പ്രണയിക്കുന്നതാണു കണ്ടത്.. 'പ്രേമം' എന്ന വിഷയമായിരുന്നു എവിടെയും...
പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടാത്ത മലര്‍ ഒരു സംഭവമാണെന്നു ചാനലുകള്‍ വിളിച്ചു പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്ത പാതി പയ്യന്‍സെല്ലാം പ്രേമത്തിനായി അടിയായി. ടിക്കറ്റ് കിട്ടുന്നതു ലോട്ടറി അടിക്കുന്ന പോലെ വലിയൊരു സംഭവമായി മാറി.
ഇത്തവണത്തെ ഓണാഘോഷത്തിനു ക്യാമ്പസുകളില്‍ ജോര്‍ജും മലരും നിറഞ്ഞതായുള്ള വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ ഉള്ളില്‍ അല്പം കുശുമ്പു തോന്നിയവരല്ലെ നമ്മളില്‍ പലരും.
എന്നാല്‍ പ്രേമിക്കുന്നവരും പ്രേമിക്കാനിരിക്കുന്നവരും പ്രേമത്തെ വെറുക്കുന്നവരുമായി ഒരു വലിയ നിര തന്നെ 'പ്രേമ'ത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിപൊരിക്കുന്നതാണു പിന്നീട് ചാനലുകളിലൂടെ കണ്ടത്. ഒരുപക്ഷെ ചാനലുകള്‍ മലയാളികള്‍ക്കു നല്‍കിയ ഓണസദ്യ!
സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കാന്‍ പ്രേമത്തിനായില്ലെന്നു ഒരു പക്ഷം വാദിക്കുന്നു.. പ്രേമം വിനോദപരമായി മാത്രം കാണേണ്ടതാണെന്നും യുവാകള്‍ ജോര്‍ജിനെ അനുകരിക്കുന്നത് ആ സിനിമയുടെ മാത്രമല്ല നായകന്റെ വിജയമാണെന്നും ചിലര്‍ വാദിച്ചു. അധ്യാപികയെ എന്നല്ല ആരെ വേണമെങ്കിലും പ്രേമിക്കാം. പെണ്‍കുട്ടികള്‍ക്ക് ആരാധന തോന്നിയാല്‍ അവര്‍ പ്രായമോ പദവിയോ നോക്കാറില്ലെന്നും ഇത്തരത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപികയോട് വിദ്യാര്‍ത്ഥിക്ക് ആരാധന തോന്നാമെന്നും അതു പ്രേമത്തിനു വഴിമാറാമെന്നും അവിടെ മറ്റു നിബന്ധനകളൊന്നും തലപ്പൊക്കില്ലെന്നും ചിലര്‍ കട്ടായം പറഞ്ഞു.
എഞ്ചിനീയറിങ്ങ് കോളേജില്‍ സംഭവിച്ച അപകടം- അതിനും പഴി കേട്ടതു പ്രേമം തന്നെ... അപകടങ്ങള്‍ ജനിക്കുന്നത് അശ്രദ്ധയില്‍ നിന്നാണ് അതിനാല്‍ ഇക്കാര്യത്തില്‍ പ്രേമത്തെ പഴി പറയേണ്ടെന്നും ചിലര്‍ വാദിച്ചു. എന്തുതന്നെയായാലും ഒരു ജീവന്‍ പൊലിഞ്ഞു എന്നതു സത്യമാണെന്നും അതിനാല്‍ അനുശോചനം അറിയിക്കുന്നുവെന്നും ചില മാഷുമാര്‍ പറഞ്ഞു.
പ്രേമത്തെ ക്രൂശിച്ചതു മതി എന്നു ചിലരും രോഷംകൊണ്ടു. ഇതൊക്കെ കേട്ടിരുന്ന ഐസക് ചേട്ടന്‍ ഈ ന്യൂജെന്‍ പിള്ളേര്‍ക്ക് വട്ടാണെന്ന് ഭാര്യ മോളിക്കുട്ടിയോടു മൊഴിഞ്ഞു. സത്യമെന്നും വിളിച്ചു പറഞ്ഞ് അതേ നിമിഷം തന്നെ ഐസക് ചേട്ടന്റെ മൈക്രോമാക്‌സ് ഫോണ്‍ ശംബ്ദിച്ചു:
'മലരെ..നിന്നെ കാണാതിരുന്നാല്‍.... മിഴിവേകിയ നിറമെല്ലാം മായുന്നപോലെ.......''
മോളിക്കുട്ടി ഐസക് ചേട്ടനെ ഇരുത്തിയൊന്നു നോക്കി.
അങ്ങേ തലയ്ക്കല്‍ 90കളിലെ ഐസക് ചേട്ടന്റെ ഹരമായിരുന്ന, കോളേജ് ബ്യൂട്ടി ഹൃദയകുമാരിയായിരുന്നു. മോളിക്കുട്ടിക്കു നേരെ ഒളി കണ്ണെറിഞ്ഞിട്ട് ഐസക് ചേട്ടന്‍ മെല്ലെ പുറത്തേക്കു നടന്നു.

Comments