നിഴലു പറഞ്ഞ കഥകള്‍...


നിഴലു പറഞ്ഞ കഥകള്‍...


കിനാലിലെവിടെയോ പറന്നു
 നടന്ന ചിത്രശലഭം പറന്നകന്നു.                കാത്തിരിപ്പിനൊടുവില്‍ അതു തിരികെപ്പറന്നു, അവളുടെ ഓമനക്കൈത്തണ്ടയില്‍ വന്നിരുന്നു.
പക്ഷേ, ഇത്തവണ അതിനെന്തോ സംഭവിച്ചിട്ടുണ്ട്.. നിറം ആകെ മങ്ങിയിരിക്കുന്നു. നിമിഷങ്ങള്‍ കഴിയും മുമ്പേ ആ വര്‍ണ്ണച്ചിറകുകള്‍ കറുപ്പില്‍ ലയിച്ചു.
മാളു കണ്ട ചിത്രശലഭത്തിന്റെ നിറം കറുപ്പായി മാറിയതെങ്ങനെ?

പൂവുകള്‍ തോറും തേന്‍നുകര്‍ന്ന് പാറിക്കളിച്ചു നടന്ന ശലഭത്തിന് മാളുവിന്റെ കൊഞ്ചലുകള്‍ താളമായിരുന്നിരിക്കാം. ഒരു ശ്രുതിമധുരമായ സംഗീതംപോലെയായിരുന്നു ശലഭത്തിന്റെ ചലനങ്ങളൊക്കെയും..
പൂവുകളില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്ന് വായുവില്‍ രണ്ടു വട്ടം കറങ്ങി രസിക്കുമ്പോഴും ആ ശലഭം മൂളിയ ഗാനങ്ങള്‍ താരാട്ടു പോലെ നെറുകയില്‍ തലോടുന്നതായി മാളുവിന് തോന്നി.
മാളു മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു. പിന്നീടവള്‍ക്ക് ഉണരണമെന്നു തോന്നിയില്ല, ആ ശലഭത്തിനൊപ്പം ചലനമറ്റ് കിടന്നുപോയീ അവളും.

പറന്നു വന്ന കറുത്ത ശലഭം തന്റെ മരണശീട്ടുമായി എത്തിയതായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു. മുത്തശ്ശി പറഞ്ഞു തന്ന കഥകളിലെവിടെയോ എന്നോ ഒരിക്കല്‍ വസൂരി ബാധിച്ച ഉണ്ണിക്കരികിലെത്തിയ ശലഭം. അതെ, അതേ കറുത്ത ശലഭം!!

അവള്‍ ഒരിക്കല്‍ക്കൂടി തന്റെ കൈവെള്ളയില്‍ ചലനമറ്റു കിടക്കുന്ന ശലഭത്തെ നോക്കി. പിണക്കവും പരിഭവവും അവള്‍ അതിനോടു പറഞ്ഞു. മുത്തശ്ശിയുടെ നവതിയാഘോഷത്തിനു വയ്ക്കുന്ന അടപ്രഥമന്‍, അടുക്കളയിലെ മേല്‍തട്ടില്‍ ഇരിക്കുന്ന പഞ്ചസാര ഭരണി, അച്ഛന്‍ വാങ്ങിത്തരാമെന്നു പറഞ്ഞ നീല ഉടുപ്പിട്ട പാവക്കുട്ടി, അമ്മയുടെ ചൂരല്‍വടി, ശകാരം, ആ മടിത്തട്ടില്‍ കിടന്നുള്ള വായനകള്‍, താരാട്ട്, മാറില്‍ ചാഞ്ഞുള്ള ഉറക്കം, അമ്മയുടെ പാട്ടു കേള്‍ക്കാന്‍ മാത്രമായി നടത്താറുള്ള കള്ളയുറക്കം, അമ്മയുടെ... ഇല്ല അവള്‍ക്കായില്ല നഷ്ടങ്ങളുടെ കണക്കില്‍ ഒതുക്കാനാവില്ല അമ്മയെ, അമ്മയെ മാത്രമല്ല അച്ഛനേയും മുത്തശ്ശിയേയും കൂട്ടുകാരെയും ഒന്നും............

അവള്‍ക്കു വാവിട്ടു കരയണമെന്നുണ്ടായിരുന്നു. തെറ്റു ചെയ്ത് അടി വാങ്ങിയിട്ട് കള്ളക്കണ്ണീരൊഴുക്കുമ്പോള്‍ തന്നെ വാരിപ്പുണര്‍ന്ന് നെറുകയില്‍ ഉമ്മ വയ്ക്കാന്‍ ഇനി അമ്മ വരില്ല. അല്ല, തനിക്കാവില്ല അവര്‍ക്കരികിലെത്താന്‍. മാളുവിന്റെ ഹൃദയം പൊട്ടുന്നതായി തോന്നി. അവള്‍ പൊട്ടിക്കരഞ്ഞു. കണ്ണുനീരും തന്നെ വിട്ടുപോയെന്ന സത്യം അപ്പോഴാണവള്‍ അറിയുന്നത്.

മാളു അപ്പോഴാണ് ആ ശലഭത്തിന്റെ കാര്യം ഓര്‍ത്തത്. ഓര്‍മ്മകള്‍ പോലും വിട്ടു പോകുമ്പോഴും അത് അവളോടൊപ്പം ഉണ്ട്. ചലനമറ്റെങ്കിലും മാളു ഒറ്റയ്ക്കല്ല, ഒരു കറുത്ത ചിത്രശലഭം കൂട്ടിനുണ്ട്. അല്ല, മാളുവിന്റെ കിനാവുകളിലെവിടെയോ പറന്നു നടന്ന അതേ ചിത്രശലഭം. വര്‍ണ്ണങ്ങളേഴും കലര്‍ന്ന ചിത്രശലഭം.!!

മരണം സമ്മാനിച്ചുവെങ്കിലും മാളുവിന് അതിനെ വെറുക്കാനായില്ല, എന്നും ആ ചിത്രശലഭം മാളുവിനൊപ്പം ഉണ്ടായിരുന്നുവെങ്കില്‍...!!!


ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്ന ജീവിതം, അവസാനിക്കാത്ത ആഗ്രഹങ്ങളും ആശകളും ഒരുക്കിയ കരിമ്പടത്തിനുള്ളിലേക്ക് വലിച്ചെറിയപ്പെടുന്ന ജീവിതങ്ങള്‍. വിധി എന്ന രണ്ടക്ഷരം മരണമെന്ന മൂന്നക്ഷരമായി വളരുമ്പോള്‍ ജീവിതം എന്ന മൂന്നക്ഷരം മണ്ണ് എന്ന രണ്ടക്ഷരത്തിലേക്ക് വളയുന്നു.
ചിലപ്പോള്‍ സ്വയം ചെയ്തുകൂട്ടുന്ന തെറ്റുകളുടെ ഫലം, അതല്ലെങ്കില്‍ മറ്റാരെങ്കിലും ചെയ്യുന്ന തെറ്റുകള്‍.. സ്‌ഫോടനപരമ്പരകളിലും അപകടങ്ങളിലും ജീവന്‍ നഷ്ടപ്പെടുന്നവര്‍... മരണത്തെ സ്വയം വരിക്കുന്നവര്‍...മാറാരോഗങ്ങളുടെ മരണതാണ്ഡവത്തില്‍ അന്ധാളിച്ചു നിന്നവര്‍...

എന്തുതന്നെയായാലും ഒരുപാട് മാളുമാരും മുത്തശ്ശിക്കഥകളിലെ ഉണ്ണികളും ഇങ്ങനെ മരിച്ചു ജീവിക്കുന്നുണ്ടാവില്ലെ? വര്‍ണ്ണചിത്രശലഭങ്ങളെ മാത്രം കണ്ട് വര്‍ണ്ണ മനോഹര സൗധങ്ങളില്‍ കഴിയുന്ന നമുക്കരികിലേക്ക് കറുത്ത ചിത്രശലഭം എന്ന് എത്തുമെന്നറിയില്ല... കൈയിലുള്ള നിമിഷങ്ങള്‍ സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ നന്മ ചെയ്യുക, മറ്റുള്ളവരിലെ നന്മ തിരിച്ചറിയുക. 1993 ലെ എന്നല്ല, ഇനിയൊരു സ്‌ഫോടന പരമ്പരകളും ഉണ്ടാവാതിരിക്കട്ടെ...





Comments

നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ പോലും ചോരയില്‍ അടിസ്ഥാനമിട്ട് ആരുടെ രാജ്യമാണിവിടെ പടുത്തുയര്‍ത്താന്‍ പോകുന്നത്. ചിറകു കരിഞ്ഞു വീഴുന്ന ചിത്രശലഭങ്ങളുടെ കനവുകള്‍ക്ക് ഏതു ദൈവമാണ് മറുപടി നല്‍കുക...?
കൊല്ലയും കൊലയും പുരാണങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മത്തെ രക്ഷിക്കുവാനും പ്രജകളെ രക്ഷിക്കുവാനും വേണ്ടി... എന്ന ന്യായവും അതില്‍ പിന്നില്‍ നിലനില്‍ക്കുമ്പോള്‍,

ഇന്നത്തെ നിരപരാധികളെ ചുട്ടെരിക്കുന്ന... കഴുത്തറക്കുന്ന... പീഢിപ്പിക്കുന്ന ക്രൂരതകളാണ് അതിശയിപ്പിക്കുന്നത്..

മനുഷ്യന്‍ തോറ്റിരിക്കുന്നു.

മനുഷ്യര്‍ അസുരന്മാരുടേയും ദേവന്മാരുടേയും അവതാരം കടമെടുത്ത് തെരുവ് രക്തക്കളമാക്കുമ്പോള്‍ അല്പം ചിന്താശക്തി എങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിക്കുകയാണ്.

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!