എന്റെ മൊബൈല്‍ഫോണ്‍ പോയേ........................






         വീടിനു സമീപമുള്ള റോഡില്‍ നിന്നും വാഹനങ്ങളുടെ ബഹളം കേട്ടാണ് അന്ന് ഫിലിപ്പോസ് ഉറക്കമുണര്‍ന്നത്. എന്തേ അലാറം അടിക്കാത്തെ എന്നറിയാന്‍ മൊബൈല്‍ ഫോണ്‍ തിരഞ്ഞ കൈയ്യില്‍ ഒന്നും തടഞ്ഞില്ല. നിലത്തു വീണിട്ടുമില്ല. എഴുന്നേല്‍ക്കാതെ തന്നെ അമ്മയെ വിളിച്ച് മൊബൈല്‍ ഫോണ്‍ തിരക്കി. ആ മറുപടി അയാളെ ഞെട്ടിച്ചു. ചാടി എഴുന്നേറ്റ് മുറി മൊത്തം പരതി. അമ്മയുടെ മൊബൈലില്‍ നിന്നും വിളിച്ചു നോക്കാനായി അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ അമ്മ മൊബൈല്‍ ഫോണ്‍ തിരയുകയായിരുന്നു. കൈയിലൊരു ചാര്‍ജറും ഉണ്ടായിരുന്നു.
         


       ഫിലിപ്പോസിന് ആകെ തല കറങ്ങി. ഒന്നും രണ്ടുമല്ല, രൂപ 20000 ആണ് ആ മൊബൈല്‍ ഫോണിന്റെ വില. അല്ല വീട്ടിലെ എല്ലാ ഫോണുകളും മോഷണം പോയോ? എന്നിരുന്നാല്‍തന്നെ മോഷണം നടന്നതിന്റെ അറിയിപ്പുകള്‍ ഒന്നുമില്ല. അങ്ങിനെ നില്ക്കുമ്പോഴാണ് ശേഖര്‍ വീട്ടിലോട്ടു വരുന്നത്. അവന്റെ വീട്ടിലും തൊട്ടടുത്ത വീടുകളിലുമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളെല്ലാം കാണാതായിരിക്കുന്നു. ഇത്തവണ ഫിലിപ്പോസ് ശരിക്കും ഞെട്ടി. അപ്പോഴാണ് ഓര്‍ത്തത്, ശാരിയെ വിളിക്കാന്‍ സമയമായി. വിളിച്ചില്ലെങ്കില്‍ ഇന്നു മുഴുവന്‍ അവള്‍ 
 പിണങ്ങും. വീട്ടിലാണേല്‍ ലാന്‍ഡു 
ഫോണുമില്ല. ശേഖറിനൊപ്പം അവന്റെ 
വീട്ടില്‍ ചെന്നു. അവിടുത്തെ ലാന്‍ഡു 
ഫോണില്‍ ശാരിയുടെ നമ്പര്‍ ഡയല്‍ 
ചെയ്യാനൊരുങ്ങിയപ്പോഴാണ് 
ഫിലിപ്പോസ് ഞെട്ടിപ്പിക്കുന്ന മറ്റൊരു
 സത്യം കൂടി തിരിച്ചറിഞ്ഞത്. അവളുടെ
 നമ്പര്‍ പോയിട്ട് തന്റെ നമ്പര്‍ പോലും
 ഫിലിപ്പോസ് ശ്രദ്ധിച്ചിട്ടില്ല. 
ആ ലാന്‍ഡ് ഫോണിനുമുന്നില്‍ തളര്‍ന്നയാള്‍ ഇരുന്നുപോയി. ശേഖറിന്റെ അമ്മ വന്ന് അമ്മയ്‌ക്കൊപ്പം ജോലി നോക്കുന്ന കൂട്ടുകാരിയുടെ ലാന്‍ഡ് ലൈനിലേക്ക്  വിളിച്ചു. മൊബൈല്‍ ഫോണ്‍ കാണുന്നില്ല, വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച് ഓഫ്!  മറുവശത്തു നിന്നും ഇതേ മറുപടിയാവണം, തെല്ലൊരു അതിശയവും കാണിക്കാതെ ശേഖറിന്റെ അമ്മ കോള്‍ കട്ട് ചെയ്തു. ശേഖറിനേയും ഫിലിപ്പോസിനേയും മാറി മാറി നോക്കിയിട്ട് അമ്മ അടുക്കളയിലേക്കു നടന്നു.

        പോലീസ് സ്‌റ്റേഷനുകളിലേക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടേയിരുന്നു. എവിടെ തുടങ്ങണം എന്നറിയാതെ അവരും അമ്പരന്നു. പലരുടേയും വീടുകള്‍ അന്ന് മരണവീടുകള്‍ പോലെയായിത്തീര്‍ന്നു. പരിഭ്രാന്തി മാറി എവിടെയും ആശങ്കയും അമ്പരപ്പും തളം കെട്ടി നിന്നു. 



         കോഴിക്കോട് നഴ്‌സിംങ് പഠിക്കുന്ന അനിയത്തിക്ക് എഫ് എമ്മിലൂടെ ജന്മദിനാശംസകള്‍ അറിയിക്കണമെന്നു പ്ലാന്‍ ചെയ്തിരുന്ന ശേഖറിനെപ്പോലെയുള്ള ലോകത്തിലെ സകല മനുഷ്യര്‍ക്കും മൊബൈല്‍ എട്ടിന്റെ പണിയാണ് കൊടുത്തത്. വില്പനയ്ക്കു നിരത്തിയ മൊബൈല്‍ ഫോണുകളും കാണാതായതില്‍ കച്ചവടക്കാരും അന്ധാളിച്ചതാണ്. അപ്പുകുട്ടനാണേല്‍ ഇരട്ടി സങ്കടമായി. വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും ജീവിച്ചു മരിക്കാനായി പത്തിരുന്നൂറു രൂപയുടെ നെറ്റ് ഓഫര്‍ ചെയ്തതേയുള്ളൂ. ആ രൂപയും പോയല്ലോ എന്നായിരുന്നു സങ്കടം. ശരണ്യയാവട്ടെ, ഉറങ്ങുമ്പോള്‍ അടുത്തുണ്ടാവുന്നതും ഉണരുമ്പോള്‍ കണി കാണുന്നതുമായ മൊബൈല്‍ ഫോണ്‍ പോയതിലല്ല, അതിലെ മെമ്മറി കാര്‍ഡ്, അതിലുണ്ടായിരുന്ന മനോഹരമായ ഫോട്ടോസ്, ഗോവിന്ദ് പത്മസൂര്യക്കും കൂട്ടുകാരികള്‍ക്കുമൊപ്പം എടുത്ത സെല്‍ഫിയും പോയതിലാണ് സങ്കടപ്പെട്ടത്. 


കാല്‍ക്കുലേറ്ററായും ടോര്‍ച്ചായും ക്യാമറയായും ഇന്റര്‍നെറ്റായും ഒപ്പമുണ്ടായിരുന്ന മൊബൈല്‍ ഫോണിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് സായാഹ്നപത്രങ്ങള്‍ എഴുതി. മൊബൈല്‍ ഫോണിന്റെ തിരോധാനം സി ബി ഐ അന്വേഷിക്കണമെന്ന അവകാശവാദവുമായി ഒരു കൂട്ടര്‍ റോഡ് ഉപരോധിച്ചു. ഉപരോധവും തിരോധാനുവുമെല്ലാം മാധ്യമങ്ങളും ചര്‍ച്ചയാക്കി. ആരു വിളിച്ചാലും കോള്‍ എടുക്കാറില്ലാത്ത ആസിഫ് അലിയും ആ ചര്‍ച്ചകളില്‍ മുഖം കാണിച്ചു. എല്ലാ കണ്ണുകളിലും നിരാശയാണ്. നെഞ്ചു തല്ലി കരയുകയാണ് ചിലര്‍.


     ഒന്നും ചെയ്യാനാവാതെ ഫിലിപ്പോസ് വീട്ടില്‍ തിരിച്ചു കയറി. ശാരിയുടെ മുഖമായിരുന്നില്ല മനസില്‍, 'അരികില്‍... നീ ഉണ്ടായിരുന്നെങ്കില്‍...'  എന്ന തന്റെ  ഫോണിലെ റിംങ്ടൂണ്‍ മാത്രമായിരുന്നു. !!!

Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!